ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ചു; അമ്മയും അഭിഭാഷകനും ആന്റിയും മരിച്ചു, പെണ്‍കുട്ടിക്കും സഹോദരിക്കും ഗുരുതര പരിക്ക്‌

ലകനൗ: ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ അമ്മയും ആന്റിയും അഭിഭാഷകനും മരിച്ചു. ബന്ധുവിനെ സന്ദര്‍ശിച്ച് വരുന്ന വഴി റാബറേലിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു. കാറില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോടൊപ്പം മരിച്ച അമ്മയും ആന്റിയും അഭിഭാഷകനും കൂടാതെ അവളുടെ മൂത്ത സഹോദരിയും ഉണ്ടായിരുന്നു. ഇവര്‍ രണ്ടു പേരും തീവ്ര പരിചരണ വിഭാഗത്തിലാണ്.

പെണ്‍കുട്ടിയുടെ അഭിഭാഷകനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗര്‍ ആണ് മുഖ്യ പ്രതി. ബി.ജെ.പി എം.എല്‍.എക്കെതിരെ പീഡന പരാതി വന്നതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വന്നിരുന്നു.

സംഭവത്തില്‍ ട്രക്ക് ഉടമയെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു.