ഉന്നാവോ അപകടം; ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ കൊലക്കുറ്റം ചുമത്തി

ലഖ്‌നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി കാറപകടത്തില്‍ പെട്ട സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ കൊലക്കുറ്റം ചുമത്തി. എംഎല്‍എക്ക് പുറമേ സഹോദരന്‍ മനോജ് സിംഗ് സെംഗാറിനും മറ്റ് എട്ട് പേര്‍ക്കുമെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉന്നാവോയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ കേസ് നിലവില്‍ സിബിഐയാണ് അന്വേഷിക്കുന്നത്. ഇതിനോട് അനുബന്ധകേസായിത്തന്നെ വാഹനാപകടക്കേസും അന്വേഷിക്കുമെന്നാണ് വിവരം.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. അതേസമയം, പെണ്‍കുട്ടിയുടെ കൂടെ സഞ്ചരിച്ചിരുന്ന അഭിഭാഷകന്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ വൈകിട്ടോടെ റായ്ബറേലിയില്‍ നടന്ന കാറപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു.

SHARE