വീടിനുള്ളിലും കരുതല്‍ വേണം; ഇളവ് തുടരുന്നതില്‍ ആലോചനയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികളിലേക്ക് പോകുകയാണെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് ആപേക്ഷികമായി കൂടുതലായ സാഹചര്യത്തിലാണ് ന്ടപടി.

ബ്രേക്ക് ദി ചെയിന്‍ എന്നാല്‍ നിയന്ത്രണത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുക എന്നല്ല അര്‍ഥം. രോഗവ്യാപനത്തിന്റെ ചങ്ങലക്കണ്ണികളാണ് പൊട്ടിക്കേണ്ടത്. ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയതോടെ ബ്യൂട്ടി പാര്‍ലറുകള്‍ അടക്കം തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പല സ്ഥാപനങ്ങളും പാലിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. ഇളവ് തുടരണോ എന്ന കാര്യം പുനരാലോചിക്കേണ്ടി വരും, മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കൊറോണ വൈറസ് ബാധിതരുണ്ടാകുന്ന കേസുകള്‍ പലയിടത്തായി ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് തുറന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ എണ്ണം കൂടുതല്‍ ഉള്ളതിനാല്‍ തിരക്കും കൂടുതലാണ്. മാര്‍ക്കറ്റുകളിലും മാളുകളിലും സാധാരണ പോലെ ആള്‍ക്കൂട്ടമുണ്ട്. കോവിഡ് ബാധിച്ച് അഭിനയിക്കാന്‍ പോയവര്‍ പോലും ഇവിടെയുണ്ട്. പനി ഉണ്ടായിട്ടും ചുറ്റിക്കറങ്ങിയെന്നാണ് വിവരം. നാം അറിയാതെ തന്നെ നമുക്കു ചുറ്റും രോഗം സഞ്ചരിക്കുന്നതിന്റെ തെളിവാണിത്. തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. പൊതുജനങ്ങള്‍ തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള ഓഫീസുകള്‍ക്ക് ഇത് ബാധകമാണ്. ഓരോരുത്തരും അവരവരുടെ സംരക്ഷകരാകണം. പ്രതിരോധമാണ് പ്രധാനം.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക എന്നത് എല്ലാ മേഖലകള്‍ക്കും ബാധകമാണ്. ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയതിന്റെ അര്‍ഥം രോഗം ഇവിടെനിന്ന് പോയന്നല്ല. ശാരീരിക അകലം പാലിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടിനു പുറത്ത് ഇറങ്ങുമ്പോള്‍ മാത്രമാണ് മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യുന്നതെന്നും, പൊതുസ്ഥലത്തെ ഈ കരുതല്‍ വീടുകളിൽ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടിനുള്ളിലെ വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോഴാണ് ശ്രദ്ധ കൂടുതല്‍ വേണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത കേസുകള്‍ സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണ്. ഇന്ത്യ മൊത്തമായെടുത്താല്‍ ഉറവിടം കണ്ടെത്താനാവാത്ത കേസുകള്‍ 40 ശതമാനത്തിലധികമാണ്. കേരളത്തിലത് രണ്ട് ശതമാനത്തില്‍ താഴെയാണ്. ബാക്കി 98 ശതമാനം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യങ്ങളില്‍ കൃത്യമായ ഇന്റര്‍വെന്‍ഷന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ട്. സമൂഹ വ്യാപനം ഉണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്,  മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.