ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിനം അരലക്ഷത്തിനടുത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും രാജ്യവ്യാപക ലോക്ക്ഡൗണ്‍ വരുമോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാവുന്നു. രാജ്യത്തെ കൊവിഡ് കണക്കുകള്‍ 12 ലക്ഷം കടന്ന് വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഒരു ലക്ഷം കൊവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്ത് 13 ലക്ഷം എന്ന നമ്പറിലേക്ക് രാജ്യമെത്തിയത്. ലോകത്ത് കോവിഡ് രൂക്ഷമായ അമേരിക്കയിലേയും ബ്രസീലിലേയും പോലെ പ്രതിദിനം ആയിരത്തോളം മരണങ്ങളാണ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെയും 48,000ത്തിലധികം കേസുകളാണ് രാജ്യമെമ്പാടും റിപ്പോര്‍ട്ട് ചെയ്തത്. 48,916 കൊവിഡ് കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 13,36,861 ആയി. ഇതില്‍ 4,56,071 സജീവ കേസുകളും 8,49,431 രോഗമുക്തിയും ഉള്‍പ്പെടുന്നു. 757 മരണവും ഈ സമയപരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തു. 31,358 പോരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് ബാധ രൂക്ഷമായിരിക്കെ അണ്‍ലോക്ക് മൂന്നാംഘട്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അണ്‍ലോക്ക് ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനവ് ഉണ്ടായത്. അണ്‍ലോക്ക് 2 അവസാനഘട്ടത്തിലേക്ക് എത്തി നില്‍ക്കെ പ്രതിദിനം അരലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ വീണ്ടും ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ രാജ്യത്തേര്പ്പെടുത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അണ്‍ലോക്ക് രണ്ടാംഘട്ടം അവസാനിക്കാനിരിക്കെ ജൂലൈ 27 തിങ്കളാഴ്ചയാകും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മറ്റുരാജ്യങ്ങളിലെന്നപോലും ഇന്ത്യയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമോ എന്ന ചര്‍ച്ചയും ഉന്നതതലങ്ങളില്‍ സജീവമായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക് ഡൗണിന് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതിഗതികളും വിലയിരുത്തി ഇളവുകള്‍ അനുവദിക്കാന്‍ കഴിയുന്ന മേഖലകളെക്കുറിച്ചുമാകും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്യുക. കണ്ടെയ്ന്മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാകും ഇനിയുള്ള ഘട്ടമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പലഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. 27ലെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും യോഗത്തില്‍ പങ്കെടുത്തേക്കും. സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതി, ആരോഗ്യ സേവനങ്ങള്‍, തുടര്‍നടപടികള്‍ എന്നിവയാകും പ്രധാനമന്ത്രി യോഗത്തില്‍ വിലയിരുത്തുക. അതേസമയം രാജ്യത്ത് കോവിഡ് വാക്സില്‍ നിര്‍മാണത്തില്‍ വന്ന പുതിയ വിവരങ്ങളും യോഗത്തില്‍ ചര്‍ച്ചയാവാന്‍ സാധ്യതയുണ്ട്. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉറവിടം അറിയാത്ത കൊവിഡ് കേസുകളും സമ്പര്‍ക്ക രോഗികളും കുത്തനെ ഉയരുന്നതാണ് കൊവിഡ് കേസുകള്‍ ഉയരാനുള്ള പ്രധാന കാരണം.
അതേസമയം, ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 1.60 കോടിയ്ക്കരികെയെത്തി.1,59, 26,218 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് അതിവേഗം പടരുകയാണ്.