അപൂര്‍വ്വ വൈറസ് ബാധ; കോഴിക്കോട് പനി ബാധിച്ച് മരണം മൂന്നായി

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ അപൂര്‍വയിനം വൈറല്‍ പനി ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു.വളച്ചുകെട്ടി മൊയ്തു ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (51 ) ആണ് ഇന്നലെ ഉച്ചയോടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇവരുടെ ഭര്‍തൃസഹോദരന്‍ വളച്ചുകെട്ടി മൂസ മൗലവിയുടെ മക്കളായ സാബിത്ത് മെയ് 5നും മുഹമ്മദ് സാലിഹ് വെള്ളിയാഴ്ചയും പനി ബാധിച്ച് മരിച്ചിരുന്നു. മൂസ മൗലവി (62) കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലും ഭാര്യ മറിയം (55) മെഡിക്കല്‍ കോളജ് ആസ്പത്രിയിലും സാലിഹിന്റെ പ്രതിശ്രുത വധു കയനോത്ത് ആത്തിഫ (20) എറണാകുളം അമൃത ഹോസ്പിറ്റലിലും പനിബാധിച്ച് ചികിത്സയിലാണ്. മരിച്ച സാലിഹിനെ ശുശ്രൂഷിച്ച പേരാമ്പ്ര താലൂക്ക് ആസ്പത്രി നഴ്‌സ് ചെമ്പനോടയിലെ പുതുശ്ശേരി ജിനിയെ (26) കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജ കോഴിക്കോട്ടെത്തി ആരോഗ്യവകുപ്പ് ജീവനക്കാരും ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. മണിപ്പാലില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ കോഴിക്കോട്ടെത്തിയിരുന്നെങ്കിലും മരണകാരണം വ്യക്തമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കടുത്തപനി, ഛര്‍ദി, തലവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍.

മരണം മൂന്നായതോടെ സൂപ്പിക്കടയില്‍ പരക്കെ ഭീതി പടര്‍ന്നു. രോഗഭീതിയില്‍ പരിസരത്തെ നാല് കുടുംബങ്ങള്‍ താമസം മാറി.മന്ത്രി ടി.പി രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന അടിയന്തരയോഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു. സൂപ്പിക്കടയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് പ്രദേശം സന്ദര്‍ശിക്കും. മരിച്ച മറിയത്തിന്റെ മക്കള്‍: അബ്ദുല്ല, ജാസ്മിന്‍, സാലിഹ, ജാബിര്‍, ജുമാന. മരുമക്കള്‍: ഉനൈസ, സജീം ഉള്ളിയേരി, ഷബീര്‍ ചങ്ങരംകുളം.

ജനാസ പന്തിരിക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പനി പടരുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡോ. എം.കെ മുനീര്‍ എം. എല്‍.എ, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.

SHARE