യൂണിവേഴ്‌സിറ്റി കോളേജ്: പ്രതിയുടെ വീട്ടില്‍നിന്ന് ഉത്തരക്കടലാസ് പിടിച്ചെടുത്ത എസ്.ഐയെ സ്ഥലംമാറ്റി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെത്തിയ എസ്.ഐയെ സ്ഥലം മാറ്റി. സംഭവം ക്രൈംബ്രാഞ്ചഅന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ച് വായടക്കും മുമ്പെയാണ് എസ്.ഐയെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്. അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നാണ് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. വധശ്രമക്കേസിലെ ഒന്നാം പ്രതി പി.എസ്.സി നിയമന റാങ്ക് പട്ടികയിലും ഒന്നാം സ്ഥാനത്തുവന്ന പശ്ചാത്തലത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വന്‍ ക്രമക്കേടുകളിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ ലഭിച്ചത്. ഉത്തരക്കടലാസിനൊപ്പം കായിക വിഭാഗം ഡയരക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതുസംബന്ധിച്ച റെയ്ഡിന് നേതൃത്വം നല്‍കിയ കന്റോണ്‍മെന്റ് എസ്.ഐ ബിജുവിനെയാണ് സ്ഥലം മാറ്റിയത്. പകരം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ഷാഫിക്ക് വീണ്ടും ചുമതല നല്‍കി.
അതേസമയം കന്റോണ്‍മെന്റ് എസ്.ഐയെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലയുടെ എഴുതാത്ത നാല് കെട്ട് ഉത്തരക്കടലാസുകളാണ് പൊലീസ് പിടിച്ചെടുത്തത്. ശിവരഞ്ജിത്തിന്റെ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് അവകാശപ്പെട്ട് പിന്നാലെ കേരള സര്‍വകലാശാലയും രംഗത്തെത്തി. ഭൂവനേശ്വറില്‍ നടന്ന അന്തഃസര്‍വകലാശാല അമ്പെയ്ത്ത് മത്സരത്തിലും സര്‍വകലാശാല ഹാന്‍ഡ്‌ബോളിലും ശിവരഞ്ജിത്ത് പങ്കെടുത്തിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കായിക വിഭാഗം മേധാവി ജയരാജ് ഡേവിഡ് അറിയിച്ചു. ഗ്രേസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ശിവരഞ്ജിത്ത് ഒന്നാം സ്ഥാനത്തെത്തിയതും കായിക വിഭാഗത്തിന്റെ ഒരു വ്യാജ സീല്‍ കണ്ടെടുത്തതും ഇയാളുടെ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ സംശയമുയര്‍ന്നിരുന്നു.

SHARE