യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസ് ; എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസിറങ്ങി. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്, നാലാം പ്രതി അമര്‍, അഞ്ചാം പ്രതി ഇബ്രാഹിം, ആറാം പ്രതി ആരോമല്‍, ഏഴാം പ്രതി ആദില്‍, എട്ടാം പ്രതി രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്.

ഇതില്‍ രഞ്ജിത്തിന്റെ പേര് ആദ്യം എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, രഞ്ജിത്തിന്റെ പങ്ക് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അയാള്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.പ്രതികള്‍ക്കുവേണ്ടി ഊര്‍ജിത അന്വേഷണം നടത്തുന്നുവെന്ന് പോലീസ് അവകാശപ്പെടുമ്പോഴും ഇതുവരെ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. നിലവില്‍ ഒരാളെ മാത്രമാണ് അറസ്റ്റുചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്.

എഫ്‌ഐആറില്‍ പേര് ചേര്‍ക്കാത്ത അമര്‍ എന്ന വിദ്യാര്‍ത്ഥിക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. യൂണിറ്റ് കമ്മിറ്റി അംഗമാണ് അമര്‍. അമറും അഖിലിനെ ആക്രമിച്ച വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഘര്‍ഷത്തില്‍ അഖിലിന് കുത്തേറ്റ് രണ്ട് ദിവസത്തിന് ശേഷവും പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്ന ആരോപണം വ്യാപകമായി ഉയരുമ്പോഴാണ് പൊലീസ് നടപടി. എസ്എഫ്‌ഐ പ്രവര്‍ത്തകനും യൂണിറ്റ് കമ്മിറ്റി അംഗവുമായ ഇജാബ് മാത്രമാണ് ഇത് വരെ പിടിയിലായത്.
അതേസമയം, കൊല്ലണം എന്ന് ഉദ്ദേശിച്ച് തന്നെയാണ് അഖിലിനെ കുത്തിയതെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നേ തീരൂ എന്നും അഖിലിന്റെ അച്ഛന്‍ പ്രതികരിച്ചു.