കെ.എസ്.യു പ്രവര്‍ത്തകരെ അക്രമിച്ച കേസിലെ ഒന്നാം പ്രതി എസ്.എഫ്.ഐ മാര്‍ച്ചില്‍; കൂസലില്ലാതെ പൊലീസ്

യൂണിവേഴ്സ്റ്റി കോളേജില്‍ കെ.എസ്.യുക്കാരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി റിയാസ് എസ്എഫ്‌ഐ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ മുന്‍നിരയില്‍.

ഇന്ന് രാവിലെ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ജാമ്യമില്ലാ കേസിലെ പ്രതിയും യൂണിവേഴ്സ്റ്റി കോളേജ് യൂണിയന്‍ ചെയര്‍മാനുമായ റിയാസ് പങ്കെടുത്ത്. കഴിഞ്ഞ വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനെയും കെ.എസ്.യു പ്രവര്‍ത്തകരെയും ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് റിയാസ്. അതിനാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരായ കേസ് നിലനില്‍ക്കുന്നത്. എന്നാല്‍ റിയാസിനെതിരെ കേസെടുത്തിരിക്കുന്നത് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലേക്ക് തന്നെയാണ് റിയാസ് അടങ്ങുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

മാര്‍ച്ചിലുടനീളം പങ്കെടുക്കുകയും അതിന് ശേഷം അസിസ്റ്റന്‍ഡ് കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലും റിയാസ് പങ്കെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുപ്രകാരം കേസുള്ള ഒരാള്‍ പോലീസിന്റെ കണ്‍മുന്നില്‍ പ്രകടനം നടത്തുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്ത സാഹചര്യത്തിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചിട്ടില്ല. പൊലീസ് എസ്.എഫ്.ഐ യുമായി ഒത്തുകളിക്കുകയാണെന്ന് കെ.എസ്.യു ആരോപിച്ചു. വിഷയത്തില്‍ പോലീസ് യാതൊരു വിശദീകരണവും ഇതുവരെ നല്‍കിയിട്ടില്ല.കേസിന്റെ പുരോഗതി അന്വേഷിക്കുമ്പോള്‍ മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നുവെന്ന മറുപടിയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

SHARE