മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് യൂറോപ്പ ലീഗ് കിരീടം

paul pogba

സ്റ്റോക്ക്‌ഹോം: യൂറോപ്പിലെ വലിയ രണ്ടാമത്തെ ഫുട്‌ബോള്‍ കിരീടമായ യൂറോപ്പ ലീഗ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്. ഡച്ച് ക്ലബ്ബ് അയാക്‌സ് ആംസ്റ്റര്‍ഡാമിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് മുന്‍ ഇംഗ്ലീഷ് ചാമ്പ്യന്മാര്‍ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ പകുതിയില്‍ പോള്‍ പോഗ്ബയും രണ്ടാം പകുതിയില്‍ ഹെന്റിക് മിഖത്രയാനും ഗോളുകള്‍ നേടി.

പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനം മാത്രം ലഭിച്ചിരുന്നതിനാല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലഭിച്ചിട്ടില്ലാത്ത യുനൈറ്റഡിന് യൂറോപ്പ ഫൈനലിലെ ജയം അനിവാര്യമായിരുന്നു. പ്രതിരോധത്തിലൂന്നി അപകടമൊഴിവാക്കിയ അവര്‍ ലഭിച്ച അവസരങ്ങള്‍ മുതലെടുത്തു. അതേസമയം, കൂടുതല്‍ സമയം പന്ത് നിയന്ത്രണത്തിലുണ്ടായിട്ടും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും അയാക്‌സിന് യുനൈറ്റഡിന്റെ വലയില്‍ പന്തെത്തിക്കാന്‍ കഴിഞ്ഞില്ല.

18-ാം മിനുട്ടില്‍ സ്വന്തം ഗോള്‍ ഏരിയക്കു സമീപം ത്രോ ഇന്നില്‍ പിഴച്ചതാണ് അയാക്‌സിന്റെ വലയിലെത്തിയ ആദ്യ ഗോളിനു കാരണം. പന്ത് തട്ടിയെടുത്ത യുവാന്‍ മാട്ട മര്‍വാന്‍ ഫെല്ലയ്‌നിക്കും, ഫെല്ലയ്‌നി പോഗ്ബക്കും പന്ത് നല്‍കി. പന്ത് നിയന്ത്രിച്ച് ഫ്രഞ്ച് താരം തൊടുത്ത ഷോട്ട് ഡിഫന്ററുടെ കാലില്‍ തട്ടി ഗതിമാറി വലയിലെത്തി.

48-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ഫെല്ലയ്‌നിയുടെ ഹെഡ്ഡര്‍ മെയ്‌വഴക്കത്തോടെ വലയിലെത്തിച്ച് മിഖത്രയാന്‍ ജയമുറപ്പിച്ചു.

യൂറോപ്പ ജയത്തോടെ യുനൈറ്റഡിന് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാം. യുവേഫയുടെ മൂന്ന് കിരീടങ്ങളും നേടുന്ന അഞ്ചാമത്തെ ക്ലബ്ബായി മാറി മാഞ്ചസ്റ്റര്‍. ഇതിനു മുമ്പ് ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവയും അവര്‍ നേടിയിരുന്നു.