പൗരത്വ നിയമം; ‘കേന്ദ്രത്തിന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്’

പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രത്തിനെതിരെ ഐക്യരാഷ്ട്ര സഭ രംഗത്ത്. പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. യുഎന്നിന്റെ മനുഷ്യാവകാശ വിഭാഗമാണ് നിയമത്തിനെതിരെ രംഗത്തെത്തിയത്. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയത് പുനപരിശോധിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.യുഎന്‍ മനുഷ്യാവകാശ വക്താവ് ജെറമി ലോറന്‍സാണ് ഐക്യരാഷ്ട്ര സഭയുടെ നിലപാട് വ്യക്തമാക്കിയത്. നിയമം പാസാക്കിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അമിത് ഷാക്ക് വിലക്കേര്‍പ്പെടുത്തുമെന്നും യുഎസ് കമ്മീഷനും വ്യക്തമാക്കിയിരുന്നു.

വിവേചനപരമായ പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിനെതിരെ യുഎന്‍ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിന് തിരിച്ചടിയാണ്. പൗരത്വ നിയമത്തിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം കത്തുന്നു. പശ്ചിമ ബംഗാളില്‍ പ്രതിഷേധക്കാര്‍ റെയില്‍വെ സ്‌റ്റേഷന് തീയിട്ടു. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ദന്‍ഗ റെയില്‍വ സ്‌റ്റേഷനിലാണ് തീയിട്ടത്.

വിവിധ ന്യൂനപക്ഷ വിഭാഗങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ വന്‍ പ്രതിഷേധ പരിപാടികളാണ് സംസ്ഥാനത്ത് നടത്തുന്നത്. പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുന്‍പ് തന്നെ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. നിയമത്തിനെതിരെ കൊല്‍ക്കത്തയില്‍ വന്‍ റാലിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.രാജ്യത്ത് വിവിധ ഇടങ്ങളില്‍ വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്.ജാമി മില്ലിയ സര്‍വ്വകലാശാലയില്‍ പ്രതിഷേധ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു.

അസമില്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. സൈന്യം നടത്തിയ വെടിവെപ്പില്‍ ജോര്‍ഹട്ടിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ഥിയുമുണ്ട്.

ത്രിപുരയിലെ സമരക്കാരില്‍ ഒരു വിഭാഗം കേന്ദ്രം നല്‍കിയ ഉറപ്പില്‍ വിശ്വസിച്ച് സമരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.എന്നാല്‍ മേഘാലയ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്റ് മുതലായ സംസ്ഥാനങ്ങളിലെല്ലാം പ്രക്ഷോഭം ആളിപ്പടരുകയാണ്.ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്കൂര്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു.

SHARE