പ്രചോദനമായി ക്യുഒസിയുടെ രാജ്യാന്തര വനിതാ ദിനാഘോഷം

ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത കായിക വ്യക്തിത്വങ്ങള്‍

ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. വനിതാ കായികേേമഖലയില്‍ മികവുതെളിയിച്ച വനിതകളുടെ ഒത്തുചേരലും അനുഭവം പങ്കുവയ്ക്കലും പുതുതലമുറയ്ക്ക് പ്രചോദനമായി. ഖത്തര്‍ ഉള്‍പ്പടെ ലോകത്തുള്ളവരെല്ലാം പുരോഗതിയ്ക്കും പ്രതീക്ഷകള്‍ക്കപ്പുറമുള്ള വെല്ലുവിളികള്‍ നേരിടാന്‍ ഒന്നിക്കണമെന്നും ഈ വനിതകള്‍ ആഹ്വാനം ചെയ്തു.
ആസ്പയര്‍ സോണിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ആറു വനിതാ വ്യക്തിത്വങ്ങള്‍ കായിക, ആരോഗ്യ മേഖലയിലെ തങ്ങളുടെ വിജയത്തിന്റെ അനുഭവങ്ങള്‍ സദസ്സുമായി പങ്കുവച്ചു. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പാനലിസ്റ്റും മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറും സാഹസികയാത്രകളില്‍ തല്‍പ്പരയുമായ ശൈഖ അസ്മ അല്‍താനിയുടെ മേല്‍നോട്ടത്തിലായിരുന്നു പരിപാടികള്‍. ശൈഖ അസ്മയ്‌ക്കൊപ്പം 2014ല്‍ കിളിമഞ്ചാരോ കീഴടക്കിയ ദനാ അല്‍ അനസി, സംരംഭകയും ഖത്തറിലെ ആദ്യ വെഗാന്‍ കഫേയുടെയും യോഗ സ്റ്റുഡിയോയുടെയും ഉടമയായ ജവഹര്‍ അല്‍ഫര്‍ദാന്‍, നീന്തല്‍ താരവും രണ്ടുതവണ ഒളിമ്പിക്‌സില്‍ ഖത്തറിനെ പ്രതിനിധീകരിക്കുകയും ചെയ്ത നദാ മുഹമ്മദ്, അത്‌ലറ്റ് മരിയം ഫരീദ്, ഖത്തര്‍ പാരാലിമ്പിക് കമ്മിറ്റിയില്‍ നിന്നുള്ള സുഹൈല്‍ ചുകോകു എന്നിവരാണ് പങ്കെടുത്തത്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിലും നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന യാഥാര്‍ഥ്യത്തെ സൃഷ്ടിക്കുന്നതിലും ഏറ്റവും നിര്‍ണായകം ദൃഢനിശ്ചയമാണെന്ന് ജവഹര്‍ അല്‍ഫര്‍ദാന്‍ ചൂണ്ടിക്കാട്ടി. അടുത്തവര്‍ഷം ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മരിയം ഫരീദ്.
ഒളിമ്പിക്‌സ്, ഫിഫ ലോകകപ്പ് എന്നിവ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ കായിക പരിപാടിയാണ് ലോക അത്‌ലറ്റിക്‌സ്. ഖത്തറിലെ വനിതകള്‍ കായികം, രാഷ്ട്രീയം, ചലച്ചിത്രം തുടങ്ങി വിവിധ മേഖലകളില്‍ തങ്ങളുടെ ശബ്ദവും സ്ഥലവും കണ്ടെത്തിയിട്ടുണ്ടെന്ന് സാഹസികയും കിളിമഞ്ചാരോ കീഴടക്കിയ ആദ്യ ഖത്തരി വനിതകളിലൊരാളുമായ ദന അല്‍ അനസി പറഞ്ഞു.
എങ്കില്‍ത്തന്നെയും രാജ്യവികസനത്തില്‍ പിന്തുണ നല്‍കുന്നതിന് നാം ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്നും അവര്‍ പറഞ്ഞു. ലക്ഷ്യങ്ങള്‍ നേടുന്നതിന് തന്നെ പ്രചോദിപ്പിച്ചത് വെല്ലുവിളികളാണെന്ന് ശൈഖ അസ്മ അല്‍താനി പറഞ്ഞു. വടക്കന്‍ ധ്രുവത്തില്‍ സ്‌കീയിങ് നടത്തുന്ന ആദ്യ ഖത്തരിയാകാന്‍ ഒരുങ്ങുകയാണ് ശൈഖ അസ്മ.
ഏപ്രിലില്‍ യൂറോപ്യന്‍, അറേബ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വനിതാതാരങ്ങള്‍ക്കൊപ്പമാണ് വടക്കന്‍ധ്രുവത്തില്‍ ഹിമപ്പരപ്പ് കീഴടക്കാനൊരുങ്ങുന്നത്. അതേക്കുറിച്ചും അവര്‍ വിശദീകരിച്ചു. ആസ്പയര്‍ സോണിലെ അല്‍ഷൂല ഹാളിലായിരുന്നു പരിപാടി. വനിതകള്‍ക്കായി സൈക്ലിങ്, യോഗ, ബോക്‌സിങ് ഉള്‍പ്പടെ കായിക പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

 

SHARE