വി.മുരളീധരന് പിന്നാലെ വി.വി.രാജേഷും കൊറോണ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: കൊറോണ മുന്‍കരുതലിന്റെ ഭാഗമായി കേന്ദ്ര മന്ത്രി വി.മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതിന് പിന്നാലെ ബിജെപി നേതാവ് വി.വി.രാജേഷും ക്വാറന്റൈനില്‍ പ്രവേശിച്ചു.  കൊറോണ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്ക സാധ്യത കണക്കിലെത്ത് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്.

കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആസ്പത്രിയില്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തിലാണ് മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്.

ഡല്‍ഹിയില്‍ ഔദ്യോഗിക വസതിയിലാണ് മന്ത്രി സെല്‍ഫ് ക്വാറന്റൈനില്‍ കഴിയുന്നത്. അതേ സമയം വി.മുരളീധരന്റെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവാണ്.

ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി.വി.രാജേഷ് വി.മുരളീധരനൊപ്പം ശ്രീചിത്രയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. അതേസമയം ഇതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ല.

വിദേശത്ത് നിന്നെത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ വിദേശത്ത് നിന്നെത്തിയ ശേഷം മൂന്ന് ദിവസം ആസ്പത്രിയില്‍ ജോലി ചെയ്യുകയുമുണ്ടായി. ഇതിനിടെ ശനിയാഴ്ച ശ്രീചിത്രയില്‍ നടന്ന അവലോകന യോഗത്തില്‍ വി.മുരളീധരന്‍ പങ്കെടുത്തത്.

രോഗം ബാധിച്ച ഡോക്ടറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റു ഡോക്ടര്‍മാര്‍ മുരളീധരന്റെ യോഗത്തില്‍ പങ്കെടുത്തതായി സംശയമുണ്ടായിരുന്നു. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്.

ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടര്‍മാരേയും ജീവനക്കാരേയും കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയിരുന്നു. മന്ത്രിക്കൊപ്പം സംബന്ധിച്ചവും നിരീക്ഷണത്തിലാവുമെന്നാണ് സൂചന