‘ഭാഭിജി പപ്പടം’ കഴിച്ച് കൊവിഡിനെ ചെറുക്കാന്‍ നിര്‍ദേശിച്ച കേന്ദ്രമന്ത്രിക്കും കൊവിഡ്

ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഭാഭിജി പപ്പടം കഴിച്ചാൽ മതിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‍വാളിന് കൊവിഡ്-19 സ്ഥിരീകരിച്ചു.  കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയായ അര്‍ജുന്‍ റാം  തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാമത്തെ ടെസ്റ്റിലാണ് മന്ത്രിയുടെ രോഗം സ്ഥിരീകരിച്ചത്. തനിക്ക് വലിയ രീതിയിലുള്ള പ്രശ്‌നമില്ലെന്നും എയിംസില്‍ ചികില്‍സയിലാണെന്നും അര്‍ജുന്‍ റാം മേഘ്വാള്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് പോസിറ്റീവാകുന്ന നാലാമത്തെ കേന്ദ്രമന്ത്രിയാണ് അര്‍ജുന്‍ റാം മേഘ്വാള്‍. നേരത്തെ കൊവിഡിനെ പ്രതിരോധിക്കാന്‍ ‘ഭാഭിജി പപ്പടം’ കഴിച്ചാല്‍ മതിയെന്ന അര്‍ജുന്‍ റാമിന്‍റെ വാദം വിവാദമായിരുന്നു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഒരു പപ്പട നിര്‍മാതാവാണ് ഈ ഉല്‍പ്പന്നവുമായി തന്റെ അടുത്ത് എത്തിയതെന്നും ഇതിലെ ഘടകങ്ങള്‍ കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായകമായ ഘടകങ്ങള്‍ ഭാഭിജി പപ്പടത്തിലുണ്ടെന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞത്. പപ്പടത്തെ പറ്റിയും അതിന്റെ ഗുണങ്ങളെ കുറിച്ചും അര്‍ജുന്‍ റാം വിവരിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇന്ന് കാര്‍ഷിക സഹമന്ത്രി കൈലേഷ് ചൗധരിയും കൊവിഡ്-19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. രാജസ്ഥാനിലെ ജോധ്പൂരിൽ കൊവിഡ് ചികിത്സയിലാണ് അദ്ദേഹം.  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് ബാധിച്ച് ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് ആഗസ്റ്റ് നാലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.