ഇനി വരുന്നത് ഏകീകൃത സിവില്‍ കോഡ്?

ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പു വെക്കുന്നതോടെ അത് ഈ രാജ്യത്തെ നിയമമായി മാറും. പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച മുസ്ലിംകളല്ലാത്ത എല്ലാ മതവിഭാഗത്തിലെ അഭയാര്‍ത്ഥികള്‍ക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കും. മുസ്ലിംകളെ ഘട്ടം ഘട്ടമായി ഈ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്ത് ഏകസിവില്‍ കോഡ് എന്ന ഭരണക്രമത്തിലേക്ക് വരുന്നതിനുള്ള പുറപ്പാടായിട്ടു വേണം ബി.ജെ.പിയുടെ ഈ നീക്കങ്ങളെയൊക്കെ മനസ്സിലാക്കാന്‍.

കഴിഞ്ഞ കുറഞ്ഞ മാസങ്ങള്‍ക്കിടെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിംകള്‍ക്ക് എതിരായിട്ടുള്ള നിരവധി നിയമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ആര്‍ട്ടിക്ള്‍ 370 റദ്ദാക്കിയത്, മുത്വലാഖ് കുറ്റകരമാക്കിയത്, അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള തീരുമാനം വന്നത്, ഇപ്പോള്‍ പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയത് തുടങ്ങി മുസ്ലിംകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും ഒട്ടും ആശാസ്യമല്ലാത്ത കാര്യങ്ങളാണ് ഇന്ത്യാ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി ബില്ലിന്മേല്‍ ലോക്‌സഭയില്‍ 12 മണിക്കൂര്‍ നേരമുള്ള ചര്‍ച്ചയാണ് നടന്നത്. രാജ്യസഭയില്‍ എട്ടും. ഇതിനിടെ ബില്ലിനെ എതിര്‍ത്തും ഭേദഗതി ആവശ്യപ്പെട്ടും നിരവധി പേര്‍ സംസാരിച്ചു. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികളില്‍ ഒന്നു പോലും കൂട്ടിത്തൊടീക്കാതെയാണ് ഭേദഗതി ബില്‍ പാസാക്കിയത്. ജനാധിപത്യ മതേതര റിപ്പബ്ലിക്കായ ഇന്ത്യയില്‍ പൗരത്വം ലഭക്കുന്നത് പോലും മതപരമായ ആനുകൂല്യത്തിന്റെ അടിസ്ഥാനത്തിലാണെന്നു വന്നാല്‍ അതിലും വലിയ അപകടം വേറെയില്ല. ഒരു ഭരണഘടനയെ നോക്കുകുത്തിയാക്കി ബി.ജെ.പിക്ക് ഈ രാജ്യത്ത് ഇതെല്ലാം ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍ ഏക സിവില്‍ കോഡ് കൂടി നമ്മള്‍ കാണേണ്ടി വരും. എന്തെന്നാല്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയതായിരുന്നു പൗരത്വ ബില്ലും മുത്വലാഖും ആര്‍ട്ടിക്ക്ള്‍ 370ഉം എല്ലാം. അതേ പ്രകടനപത്രികയില്‍ തന്നെ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ചും ബി.ജെ.പി പറയുന്നുണ്ട് എന്നതിനാല്‍ അധികം താമസിയാതെ അതും അവര്‍ നടപ്പാക്കിയേക്കും.

മുസ്ലിംകള്‍ക്ക് പശുക്കളുടെ വില പോലും ഇപ്പോള്‍ തന്നെ ഈ രാജ്യത്തില്ല. ബീഫ് വച്ചതിന്റെ പേരിലും മറ്റും അതിര്‍ത്തിക്കകത്ത് ഉള്ള മുസ്ലിംകളെ തല്ലിക്കൊല്ലുന്നു, അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ ഇല്ലാതാക്കുന്നു. അതിര്‍ത്തിക്കു പുറത്തു നിന്നുള്ള മുസ്ലിംകള്‍ക്ക് പൗരത്വവും നല്‍കാനാവാത്ത വിധം നിയമമുണ്ടാക്കി. എന്നിട്ട് ഇന്ത്യക്കാരല്ലാത്ത കുടിയേറി വന്ന മുസ്ലിമേതരര്‍ക്ക് മാനുഷിക പരിഗണനയുടെ പേരും പറഞ്ഞ് പൗരത്വം നല്‍കുന്നു. മുസ്ലിം എന്ന സ്വത്വം തന്നെ ഈ രാജ്യത്ത് നിന്ന് ഇല്ലാതാക്കുന്നതിലേക്കുള്ള പുറപ്പാടാണ് ഇതെന്നറിയാന്‍ അരിയാഹാരം പോലും കഴിക്കണമെന്നില്ല.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന മുസ്ലിംകളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം കൊടുക്കുന്ന ബില്ലാണല്ലോ ഇന്ന് രാജ്യസഭയില്‍ പാസായിരിക്കുന്നത്. ഇതിന് ബി.ജെ.പി പറയുന്ന കാരണം, ആ രാജ്യങ്ങളെല്ലാം ഇസ്ലാമിക രാജ്യമായതിനാല്‍ അവിടെ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു, അതു കൊണ്ടാണ് അവര്‍ ഇന്ത്യയിലേക്ക് അഭയം തേടിയെത്തിയതെന്നും പൗരത്വം നല്‍കുന്നത് അത് കൊണ്ടാണെന്നും. എന്നാല്‍ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിംകള്‍ അങ്ങനെയുള്ളവരല്ലെന്നും അവര്‍ മെച്ചപ്പെട്ട തൊഴിലോ മറ്റോ തേടി വന്നവരാണെന്നും അവരില്‍ ഭൂരിപക്ഷം പേരും ക്രിമിനല്‍ സ്വഭാവം വെച്ചു പുലര്‍ത്തുന്നവരാണെന്നും പറയുന്നു ബി.ജെ.പി. എന്നാ്ല്‍ ഏത് കണ്ടെത്തലിന്റെ, ഏത് സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈങ്ങനെയൊരു നിരീക്ഷണം എന്നു ചോദിച്ചാല്‍ ബി.ജെ.പിക്ക് ഉത്തരമില്ല. ഇത് സത്യസന്ധമായി കണ്ടെത്തുന്നതിനാവശ്യമായ ഒരു പഠനവും ഇന്നേ വരെ നടന്നിട്ടില്ല. അങ്ങനെ ഒരു പഠനം പോലും നടക്കാതെ, വെറുമൊരു വിലയിരുത്തലിന്റ അടിസ്ഥാനത്തില്‍ ഒരു രാജ്യത്തിന്റെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താന്‍ മാത്രമുള്ള തൊലിക്കട്ടി ബി.ജെ.പിക്കുണ്ടെങ്കില്‍ അതേ തൊലിക്കട്ടി ഉപയോഗിച്ചു തന്നെ അവര്‍ ഇവിടെ ഏക സിവില്‍ കോഡും നടപ്പാക്കിയേക്കും.

SHARE