പൗരത്വനിയമത്തിനെതിരെ യു.എന്‍ മനുഷ്യാവകാശ സംഘടന സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഇടപെടല്‍ ഹരജിയുമായി യു.എന്‍ മനുഷ്യാവകാശ സംഘടന സുപ്രീംകോടതിയില്‍. ആഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിനെതിരെ ഒരു അന്താരാഷ്ട്ര സംഘടന സുപ്രിംകോടതിയെ സമീപിക്കുന്നത് അപൂര്‍വ്വമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ നീക്കത്തിനെതിരെ വിമര്‍ശനവുമായി വിദേശകാര്യവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.

സി.എ.എയുടെ തുടക്കം മുതല്‍ നിയമം വിവേചനപരമാണ് എന്നാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്. നിയമഭേദഗതിക്കെതിരെ യു.എന്‍.എച്ച്.ആര്‍.സിക്ക് പുറമേ, യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

അതിനിടെ പൗരത്വനിയമത്തിനെതിരായ ഹര്‍ജികളില്‍ സത്യവാങ്മൂലം നല്‍കാന്‍ അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തില്‍ ഹരജികള്‍ ഉടന്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ലീഗ് നേതൃത്വം സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹര്‍ജികളില്‍ വിശദീകരണം നല്‍കാന്‍ കോടതി അനുവദിച്ച നാലാഴ്ച സമയം കഴിഞ്ഞിട്ടും ഹര്‍ജി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും കോടതിയെ സമീപിക്കുന്നത്.

കബില്‍ സിബലാണ് ലീഗിന് വേണ്ടി കോടതിയില്‍ ഹാജരാവുക. ഇന്ന് ആവശ്യം ഉന്നയിക്കാനായി സിബല്‍ കോടതിയില്‍ എത്തിയെങ്കിലും ചീഫ് ജസ്റ്റിസ് സ്‌പെഷ്യല്‍ ബെഞ്ചിന്റെ ഭാഗം ആയതിനാല്‍ ഉന്നയിക്കാന്‍ കഴിഞ്ഞില്ല.

പൗരത്വനിയമത്തിനെതിരായ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാറിന് സത്യവാങ്മൂലം നല്‍കാന്‍ നാലാഴ്ച സമയമാണ് കോടതി നല്‍കിയിരുന്നത്. എന്നാല്‍ നാലാഴ്ച സമയം ഫെബ്രുവരി 25ന് അവസാനിച്ചിട്ടും കേസ് ലിസ്റ്റ് ചെയ്യാന്‍ കോടതി തയ്യാറാവാത്തതിനാലാണ് മെന്‍ഷന്‍ ചെയ്യാന്‍ ലീഗ് തീരുമാനിച്ചത്.

SHARE