തൊഴിലില്ലായ്മ രൂക്ഷമാകുന്നു; നിരക്ക് 23.4% – ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടമായത് അഞ്ചു കോടി പേര്‍ക്ക്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ ആഘാതം ഇന്ത്യന്‍ തൊഴില്‍ മേഖലയെ തകര്‍ക്കുമെന്ന് വിലയിരുത്തല്‍. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എകോണമി (സി.എം.ഐ.ഇ)യുടെ പഠന പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 23.4 ശതമാനമായി. നഗരമേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 30.9 ശതമാനമാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള രണ്ടാഴ്ചയ്ക്കിടെ അഞ്ചു കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് വിലയിരുത്തല്‍.
രാജ്യത്തെ തൊഴില്‍ മേഖലയെ കുറിച്ച് ആധികാരികമായ പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന കേന്ദ്രമാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എകോണമി. കഴിഞ്ഞയാഴ്ചയിലെ പഠന റിപ്പോര്‍ട്ട് തിങ്കളാഴ്ച വൈകിട്ടാണ് പ്രസിദ്ധീകരിച്ചത്. മാര്‍ച്ച് മദ്ധ്യത്തോടെ തൊഴിലില്ലായ്മ 8.4 ശതമാനത്തില്‍ നിന്ന് 23 ശതമാനമായി വര്‍ദ്ധിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


ലോക്ക് ഡൗണിലെ രണ്ടാഴ്ചക്കിടെ മാത്രം അഞ്ചു കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് ഏകദേശ കണക്കെന്ന് മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ഓഫ് ഇന്ത്യ പ്രണബ് സെന്‍ പറഞ്ഞു. യഥാര്‍ത്ഥ കണക്കുകള്‍ ഇതിനേക്കാള്‍ വലുതായിരിക്കും എന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇത് പ്രതീക്ഷിക്കപ്പെട്ടതാണ് എന്നാണ് ജെ.എന്‍.യുവിലെ സാമ്പത്തിക വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഹിമാന്‍ഷുവിന്റെ പ്രതികരണം.
ഇന്ത്യയില്‍ മാത്രമല്ല, യു.എസ് അടക്കമുള്ള രാജ്യങ്ങളും വന്‍ തൊഴില്‍ പ്രതിസന്ധിയാണ് നേരിടുന്നത്. യു.എസില്‍ ഒരു കോടി പേര്‍ കഴിഞ്ഞയാഴ്ച തൊഴില്‍ എക്‌സ്‌ചേഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്.
തൊഴില്‍ പങ്കാളിത്ത നിരക്കിലും ക്രമാനുഗത കുറവുണ്ടായിട്ടുണ്ട്. 2020 മാര്‍ച്ചില്‍ 41.9 ശതമാനമാണ് പങ്കാളിത്ത നിരക്ക്. 2019 ഫെബ്രുവരിയില്‍ ഇത് 42.6 ശതമാനവും മാര്‍ച്ചില്‍ 42.7 ശതമാനവുമായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് തൊഴില്‍ പങ്കാളിത്തം 42 ശതമാനത്തില്‍ താഴേക്കു പോകുന്നത് എന്ന് സി.എം.ഐ.ഇ പറയുന്നു. മാര്‍ച്ചില്‍ മാത്രം 90 ലക്ഷം പേരാണ് തൊഴില്‍ ശേഷിയില്‍ നിന്ന് ഇല്ലാതായത്.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണിന് ശേഷമാണ് വന്‍ തൊഴില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ലോക്ക്ഡൗണിന് പിന്നാലെ ലക്ഷക്കണക്കിന് തൊഴിലാളികളാണ് നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് തിരിച്ചു പോയത്.