ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു തൊഴില്‍ രഹിതന്‍ വീതം ആത്മഹത്യ ചെയ്യുന്നു;ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: തൊഴിലില്ലായ്മ രൂക്ഷമായ ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു തൊഴില്‍ രഹിതന്‍ വീതം ആത്മഹത്യ ചെയ്യുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്.
കഴിഞ്ഞ ദിവസം പുറത്ത് വിട്ട 2018ലെ എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. 2018ല്‍ രാദ്യത്ത് 1,34,516 പേരാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ 92,114 പുരുഷന്‍മാരും 42,391 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ തൊഴില്‍ രഹിതരുടെ എണ്ണം 12,963 ആണ്. 10687 പുരുഷന്‍മാരും 2,249 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടും. ആകെ ആത്മഹത്യയുടെ 9.6 ശതമാനം വരും ഇത്. 18 നും 60നും ഇടയിലുള്ളവരാണ് ഇവര്‍.

18 വയസിന് താഴെ 31 പുരുഷന്‍മാരും ഒമ്പത് സ്ത്രീകളുമാണ് ആത്മഹത്യ ചെയ്തത്. 18-30 വയസിനിടയില്‍ 1240 പുരുഷന്‍മാരും 180 വനിതകളുമാണ് ജീവന്‍ അവസാനിപ്പിച്ചത്. 30നും 45നും ഇടയില്‍ 868 പുരുഷന്‍മാരും 95 വനിതകളും ആത്മഹത്യ ചെയ്തു. 45നും 60നും ഇടയില്‍ 2431 പുരുഷന്‍മാരും 310 വനിതകളും ആത്മഹത്യ ചെയ്തതായും ദേശീയ ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു.
രാജ്യത്തെ നമ്പര്‍ വണ്‍ സംസ്ഥാനം എന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതര്‍ ആത്മഹത്യ ചെയ്തത്. 1585 പേരാണ് (12.3 ശതമാനം)ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ തൊഴിലില്ലായ്മയുടെ പേരില്‍ ജീവന്‍ ഹോമിച്ചത്.

കേരളത്തിന് പിന്നില്‍ തമിഴ്‌നാട് (1579), മഹാരാഷ്ട്ര (1260), കര്‍ണാടക (1094), യു.പി (908) എന്നീ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മയുടെ പേരില്‍ ആത്മഹത്യ കൂടുതലുള്ളത്.
2017നെ അപേക്ഷിച്ച് 2018ല്‍ രാജ്യത്തെ മൊത്തം ആത്മഹത്യ നിരക്കില്‍ 3.6 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

SHARE