ഉനായ് എമെറി ആര്‍സനല്‍ കോച്ച്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ആര്‍സനലിനെ ഇനി മുന്‍ പി.എസ്.ജി കോച്ച് ഉനായ് എമെറി
പരിശീലിപ്പിക്കും. രണ്ട് ദശാബ്ദത്തിലേറെ കാലത്തെ സേവനത്തിനു ശേഷം പടിയിറങ്ങിയ ആര്‍സീന്‍ വെങര്‍ക്ക് പകരക്കാരനായാണ് 46-കാരന്‍ എത്തുന്നത്. പി.എസ്.ജിക്ക് ഫ്രഞ്ച് ലീഗ് (ലീഗ് വണ്‍) കിരീടം നേടിക്കൊടുത്തെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് എമെറിക്ക് പാരീസ് വിടേണ്ടി വന്നത്.

ഫുട്‌ബോളിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നില്‍ ചേരാന്‍ കഴിഞ്ഞതില്‍ താന്‍ ആഹ്ലാദവാനാണെന്നും ലോകമെങ്ങും ആരാധകരുള്ള സംഘമാണ് ആര്‍സനല്‍ എന്നും ഉനായ് എമെറി ആര്‍സനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നേരത്തെ, മുന്‍ ആര്‍സനല്‍ ക്യാപ്ടന്‍ മൈക്കല്‍ അര്‍ടേറ്റ വെങര്‍ക്ക് പകരക്കാരനായി എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും ക്ലബ്ബിന്റെ ട്രാന്‍സ്ഫര്‍ നയങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഇതാണ് എമെറിക്ക് വഴി തുറന്നത്. നിരവധി പേരെ പരിഗണിച്ചതില്‍ നിന്ന് ഏറ്റവും യോഗ്യനായ ആളെ ഐകകണ്‌ഠ്യേനയാണ് തെരഞ്ഞെടുത്തതെന്നും ആര്‍സനലിന് ചേരുന്ന ശൈലിയാണ് എമെറിയുടേതെന്നും ആര്‍സനല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഇവാന്‍ ഗാസിഡിസ് പറഞ്ഞു.