സി.എ.എ വിരുദ്ധ സമരം: മോദി സര്‍ക്കാറിനെതിരെ യു.എന്‍- അറസ്റ്റു ചെയ്തവരെ ഉടന്‍ വിട്ടയക്കണം

ജനീവ: കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവരെ ഉടന്‍ വിട്ടയക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍. പ്രതിഷേധിക്കാനുള്ള അവകാശം ഉപയോഗിച്ച വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള നിരവധി പേര്‍ അറസ്റ്റിലാണെന്നും അവരെ ഉടന്‍ വിട്ടയക്കണമെന്നുമാണ് യു.എന്‍ മനുഷ്യാവകാശ കമ്മിഷണര്‍ പുറത്തിക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചാല്‍ ക്ഷമിക്കില്ല എന്ന് സിവില്‍ സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്നതാണ് അറസ്റ്റുകള്‍ എന്നും കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. 11 പേരെ പ്രസ്താവനയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ ഫാത്തിമ, സഫൂറ സര്‍ഗാര്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ, ദേവാംഗന കലിത, നതാഷ നര്‍വാള്‍, ഖാലിദ് സൈഫി, ഷിഫ ഉര്‍ റഹ്മാന്‍, ഡോ. കഫീല്‍ ഖാന്‍, ഷര്‍ജീല്‍ ഇമാം, അഖില്‍ ഗോഗോയ് എന്നീ പേരുകളാണ് എടുത്ത് പറഞ്ഞിട്ടുള്ളത്. ഇവര്‍ക്ക് മനുഷ്യാവകാശ ലംഘനവും പീഡനവും നേരിടേണ്ടിവന്നു. ഇവര്‍ക്ക് രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് ജാമ്യം നിഷേധിച്ചെന്നും കമ്മിഷണര്‍ ആരോപിച്ചു.

പൊലീസ് നടപടികളില്‍ വിവേചനമുണ്ടായിട്ടുണ്ട്. വിദ്വേഷം പരത്തിയ തീവ്രഹിന്ദുത്വ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. സിഎഎ അനുകൂലികള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് ഒരു അന്വേഷണവും നടത്തിയില്ല. രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലുക എന്നത് ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ അവര്‍ മുഴക്കിയിട്ടും അന്വേഷണമുണ്ടായില്ല- കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

സി.എ.എ ആഭ്യന്തര വിഷയമാണ് എന്നാണ് ഇന്ത്യയുടെ നിലപാട്. രാജ്യത്തിന്റെ പരമാധികാരത്തിനു മേല്‍ വിദേശ ആധിപത്യം അനുവദിക്കില്ലെന്നും സര്‍്ക്കാര്‍ പറയുന്നു.

SHARE