ന്യൂയോര്‍ക്ക്: ലോകത്ത് ഇതുവരെ 49.89 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചതായി യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ്. 19.60 ലക്ഷം പേര്‍ക്ക് അസുഖം സുഖപ്പെട്ടതായും 3.24 ലക്ഷം പേര് മരണത്തിന് കീഴടങ്ങിയതായും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തില്‍ വികസിത രാഷ്ട്രങ്ങള്‍ക്ക് ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് റേഡിയോക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗുട്ടറസ്.
‘പ്രതീക്ഷിച്ചതിനേക്കാള്‍ ചെറിയ വേഗത്തിലാണ് ആഫ്രിക്കയില്‍ കോവിഡ് പടരുന്നത്. കൃത്യ സമയത്ത് ഇടപെടല്‍ നടത്തതാണ് ഇതിന് കാരണം. വികസിത രാഷ്ട്രങ്ങള്‍ക്ക് ഇതില്‍ പാഠമുണ്ട്. ഇതുവരെ 93,225 കേസുകളാണ് ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2925 പേര് മരിക്കുകയും ചെയ്തു. ആഗോള തലത്തിലെ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതേറെ കുറവാണ്’ – അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടന നല്കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് കോവിഡ് പടരാനുണ്ടായ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ യു.എസിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയില്‍ 15,70,583 പേര്‍ക്ക് അസുഖം ബാധിക്കുകയും 93,533 പേര് മരിക്കുകയും ചെയ്തു. രണ്ടാമത് റഷ്യയാണ്. 2,99,941 പേര്‍ക്കാണ് റഷ്യയില്‍ അസുഖം ബാധിച്ചത്. എന്നാല്‍ രാജ്യത്ത് മരണസംഖ്യ കുറവാണ്-2,837. മൂന്നാം സ്ഥാനത്തുള്ള സ്പെയിനില്‍ 2,78,803 പേര്‍ക്കാണ് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 27,778 പേര് മരണത്തിന് കീഴടങ്ങുകയും ചെയ്തു.
ബ്രസീല്‍, യു.കെ, ഇറ്റലി എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നില്‍. ഈ രാജ്യങ്ങളിലെല്ലാം രണ്ടു ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊട്ടുപിന്നില്‍ ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി, ഇറാന് രാഷ്ട്രങ്ങളാണ്. എല്ലാ രാജ്യങ്ങളിലും ഒരു ലക്ഷത്തിലേറെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. വൈറസിന്റെ ഉത്ഭവ രാഷ്ട്രമായ ചൈന ആദ്യ പത്തിലില്ല എന്നതാണ് ശ്രദ്ധേയം. ഇന്ത്യയിലെ കോവിഡ് കേസുകളും ലക്ഷം കടന്നു. മൊത്തം 1,01,139 പേര്. 3163 പേരാണ് ഇതുവരെ മരിച്ചത്.

അതിനിടെ, കോവിഡ് ഭീഷണി ലോകത്ത് അറുപത് ദശലക്ഷം പേരെ അതിദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോക ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഇതിന്റെ കെടുതി ഏറെ അനുഭവിക്കേണ്ടി വരുന്നത് ആഫ്രിക്കന്‍ രാജ്യങ്ങള്ക്കായിരിക്കുമെന്നും ബാങ്ക് മുന്നറിയിപ്പു നല്കി. ദരിദ്ര രാഷ്ട്രങ്ങളുടെ വായ്പകളുടെ തിരിച്ചടവിനായി കൂടുതല്‍ ലളിതമായ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് ഐക്യരാഷ്ട്ര സഭയടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.