സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ സര്‍വത്ര ദുരൂഹത; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊവിഡ് പ്രതിരോധത്തിനെന്ന പേരില്‍ നാട്ടിലെ സുപ്രധാനമായ ആരോഗ്യ വിവരങ്ങളാണ് വിദേശ കമ്പനിക്ക് കൈമാറാന്‍ ഒരുങ്ങുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ സര്‍വത്ര ദുരൂഹതയാണ്. വിദേശ നിയമത്തെ അടിസ്ഥാനമാക്കി ഒരു സംസ്ഥാനത്തിന് കരാര്‍ ഉണ്ടാക്കാനാകുമോ. ബന്ധപ്പെട്ട ഒരു വകുപ്പും കരാര്‍ കണ്ടിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുമ്പോള്‍ ഇത് സംബന്ധിച്ച് ഫയല്‍ ഒന്നും സര്‍ക്കിരിന്റെ കയ്യിലില്ലെന്നത് ദുരൂഹത കൂട്ടുകയാണ്. ഒരു വകുപ്പും അറിയാതെയാണ് കരാര്‍ .ഇതെ കുറിച്ച് മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. സംശയങ്ങള്‍ എല്ലാം ബാക്കിയാണ്. ഉത്തരം മുട്ടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊഞ്ഞനംകുത്തുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്താസമ്മേളനങ്ങളില്‍ സ്പ്രിന്‍ക്ലര്‍ ഇടപാടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു.