ആ വിക്കറ്റ് നീതിയോ? ജോ റൂട്ടിനെ പുറത്താക്കിയ ഉമേഷിന്റെ ക്യാച്ച് വിവാദമാവുന്നു

രാജ്‌കോട്ട് ടെസ്റ്റിന്റെ ഒന്നാം ദിനമായ ഇന്ന് ജോ റൂട്ടിനെ പുറത്താക്കാന്‍ ഉമേഷ് യാദവ് എടുത്ത റിട്ടേണ്‍ ക്യാച്ച് വിവാദമാവുന്നു. 81-ാം ഓവറില്‍ ഇംഗ്ലണ്ട് മൂന്ന് 281 എന്ന സ്ഥിതിയില്‍ നില്‍ക്കെയാണ് ഉമേഷ് സ്വന്തം പന്തില്‍ റിട്ടേണ്‍ ക്യാച്ചെടുത്തത്. പൂര്‍ണമായി നിയന്ത്രണത്തിലൊതുക്കുംമുമ്പ് ഉമേഷ് പന്ത് തലക്കു മുകളിലൂടെ തട്ടിയതാണ് സംശയത്തിന് ഇടയാക്കിയത്. ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ തേര്‍ഡ് അംപയര്‍ റോഡ് ടക്കര്‍ വിക്കറ്റ് അനുവദിക്കുകയായിരുന്നു.

അരയ്ക്കു കീഴെ വന്ന പന്ത് ഉമേഷ് പിടിച്ചെടുക്കുന്നതും മുകളിലേക്കെറിയുന്നതും റീപ്ലേയില്‍ വ്യക്തമാണ്. എന്നാല്‍ സ്വാഭാവിക വേഗതയില്‍ ബൗളറുടെ നിയന്ത്രണത്തില്‍ നിന്ന് പന്ത് തെന്നിപ്പോകുന്നതായാണ് തോന്നുക. ഇതാണ് സംശയത്തിന് കാരണമായത്.

സെഞ്ച്വറി നേടി മികച്ച ഫോമിലായിരുന്ന റൂട്ടിന്റെ വിക്കറ്റ് നേടാന്‍ കഴിഞ്ഞത് ഇന്ത്യക്കും ആശ്വാസമായി. എന്നാല്‍ ക്യാച്ച് പൂര്‍ണമായിരുന്നോ എന്ന ചര്‍ച്ച ക്രിക്കറ്റ് വൃത്തങ്ങളിലും സോഷ്യല്‍ മീഡിയയിലും കൊഴുക്കുകയാണ്.