പ്രധാനമന്ത്രിയുടെ ആരോഗ്യത്തെ പറ്റി ആശങ്ക; ഭൂമി പൂജയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഉമാ ഭാരതി

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് ബി.ജെ.പി നേതാവ് ഉമാ ഭാരതി. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽനിന്ന് തന്നെ ഒഴിവാക്കാൻ സംഘാടകരോടും പ്രധാനമന്ത്രിയുടെ ഓഫിസിനോടും ആവശ്യപ്പെട്ടതായി ഉമാഭാരതി ട്വീറ്റിൽ പറഞ്ഞു. 

ഭോപാലിൽനിന്നും താൻ പുറപ്പെടുകയാണ്. അയോധ്യയിൽ എത്തുന്നതിനിടെ കോവിഡ് ബാധിച്ച ആരെങ്കിലുമായി താൻ സമ്പർക്കത്തിൽ വരാനുള്ള സാധ്യതയുണ്ട്. അതിനാൽ ചടങ്ങിൽ പങ്കെടുക്കുന്നവരുമായി സുരക്ഷിത അകലം പാലിക്കും. ചടങ്ങ് പൂർത്തിയായി അതിഥികൾ പിരിഞ്ഞ ശേഷം താൻ രാംലല്ലയിൽ എത്തുമെന്നും ഉമാഭാരതി ട്വീറ്റ് ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചടങ്ങിൽ പങ്കെടുക്കുന്ന മറ്റ് നേതാക്കളുടെയും ആരോഗ്യത്തെ കുറിച്ച് ആശങ്കയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഏതാനും ബി.ജെ.പി നേതാക്കളും കോവിഡ് ബാധിതരായത് ആശങ്കക്കിടയാക്കുകയാണെന്നും ഉമാഭാരതി പറഞ്ഞു. 

ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമിപൂജ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ പ്രമുഖ ബി.ജെ.പി നേതാക്കൾ പങ്കെടുക്കുന്നുണ്ട്. 

SHARE