ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെയുള്ള അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമാഭാരതി. ചൗഹാന് മന്ത്രിസഭ ഇന്നു നടത്തിയ മന്ത്രിസഭാ പുനഃസംഘടനയില്‍ തന്നോട് അഭിപ്രായങ്ങള്‍ ആരാഞ്ഞില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉമാഭാരതി നല്കിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം വെട്ടിയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഇവര്‍ ക്ഷുഭിതയാണ് എന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ ലഖ്നൗവിലുള്ള ഉമാഭാരതി തന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രമന്ത്രി അമിത് ഷാ, സംസ്ഥാനത്തിന്റെ ചുമതലുള്ള സെക്രട്ടറി വിനയ സഹസ്രബുദ്ധെ, ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരെ മെസ്സേജ് വഴി അറിയിച്ചിരുന്നു. ജാതി സമവാക്യങ്ങള്‍ പുലര്‍ത്തിയാണ് മന്ത്രിസഭ വികസിപ്പിക്കേണ്ടത് എന്നായിരുന്നു അവരുടെ ആവശ്യം.
പുനഃസംഘടനയില്‍ രജ്പുത് വിഭാഗത്തിന് കൂടുതല്‍ ഇടം കിട്ടിയതായി ആക്ഷേപമുണ്ട്. രജ്പുത് വിഭാഗത്തില്‍ നിന്ന് ഒമ്പത് പേരാണ് മന്ത്രിസഭയിലെത്തിയത്. ഗോവിന്ദ് സിങ് രജ്പുത്, ബിജേന്ദ്ര പ്രതാപ് സിങ്, പ്രധുമാന്‍ തോമര്‍, ഉഷ ഠാക്കൂര്‍, ഒ.പി.എസ് ബധോരിയ, രാജ്യവര്‍ദ്ധന്‍ സിങ്, ഇന്ദര്‍ സിങ് പര്‍മര്‍, അരവിന്ദ് വഡോദര, മഹേന്ദ്രസിങ് സിസോദിയ എന്നിവര്‍.
28 മന്ത്രിമാരാണ് – 20 കാബിനറ്റ് മന്ത്രിമാരും എട്ട് സഹമന്ത്രിമാരും- പുതുതായി സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ 12 അനുയായികള്‍ക്ക് മന്ത്രിസഭയില്‍ ഇടം ലഭിച്ചു. സിന്ധ്യയുടെ അമ്മായി യശോദര രാജ സിന്ധ്യയും മന്ത്രിയായി ചുമതലയേറ്റു. സംസ്ഥാനത്തെ പല മുതിര്‍ന്ന ബിജെപി നേതാക്കളെയും തഴഞ്ഞാണ് സിന്ധ്യ ക്യാംപിലുള്ളവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയത്.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ മധ്യപ്രദേശില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് മൂന്നുമാസത്തിന് ശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. കൊവിഡ് പ്രതിസന്ധി വേളയിലും അഞ്ച് മന്ത്രിമാരുമായിട്ടാണ് മധ്യപ്രദേശിലെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.