ഐ.സി.യുവില്‍ ബോറിസ് ജോണ്‍സന്റെ നില തൃപ്തികരമെന്ന് ഇംഗ്ലണ്ട്

ലണ്ടന്‍: കോവിഡ് ബാധയെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയ ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില തൃപ്തികമെന്ന് ഇംഗ്ലണ്ട്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഇന്നലെയാണ് ലണ്ടന്‍ ആസ്പത്രിയിലേക്കും തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തി(ഐസിയു)ലേക്കും മാറ്റിയത്. ബോറിസിന്റെ ആരോഗ്യനിലയില്‍ ആശങ്കയുയര്‍ന്നിരുന്നു.

എന്നാല്‍ ഐസിയുവില്‍ കഴിയുന്ന ബോറിസിന് ഇപ്പോള്‍ ശ്വസിക്കാന്‍ വെന്റിലേറ്റര്‍ പിന്തുണ ആവശ്യമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആരോഗ്യ നിലയിലെ പുരോഗതി വിലയിരുത്തി മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഐസിയുവിലേക്ക് മാറ്റിയത്. സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് എന്‍.എച്ച്.എസ് ആശുപത്രിയിലാണ് ബോറിസ് ജോണ്‍സണ്‍ ചികിത്സയിലുള്ളത്. പ്രാദേശിക സമയം രാത്രി 8.30 ഓടുകൂടിയാണ് ബോറിസ് ജോണ്‍സനെ ഐസിയുവിലേക്ക് മാറ്റിയത്.

പ്രധാനമന്ത്രിയുടെ ചുമതലകള്‍ താല്‍കാലികമായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് നിര്‍വഹിക്കും. ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോണ്‍സണെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില മെച്ചപ്പെടുന്നതായി കാണിച്ച് അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം രാത്രിയോടെ നില മോശമാവുകയായിരുന്നു.

മാര്‍ച്ച് 27നാണ് ബോറിസിന് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഒരാഴ്ചക്കാലം ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ ഫ്‌ലാറ്റില്‍ ഐസൊലേഷനിലായിരുന്നു ബോറിസ് ജോണ്‍സണ്‍. ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയായിട്ടും പനിയും മറ്റു രോഗലക്ഷണങ്ങളും വിട്ടുമാറിയില്ല. ആറുമാസം ഗര്‍ഭിണിയായ അദ്ദേഹത്തിന്റെ പങ്കാളി കാരി സിമണ്ട്‌സിനെ നേരത്തെതന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.

SHARE