ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് എംപിമാര്‍

Image processed by CodeCarvings Piczard ### FREE Community Edition ### on 2017-11-30 17:51:15Z | |

 

ദോഹ: ഖത്തറിനെതിരായ ഉപരോധത്തിനെതിരെ എതിര്‍പ്പും വിമര്‍ശനവും ഉയര്‍ത്തി ബ്രിട്ടീഷ് എംപിമാര്‍ ഉള്‍പ്പെട്ട സംഘം. സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന് മുന്‍ ഗവണ്‍മെന്റ് മന്ത്രി ഉള്‍പ്പെട്ട പത്ത് ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു. സഊദി സഖ്യത്തിന്റെ ഉപരോധം ആറാം മാസത്തിലേക്ക് കടന്നിരിക്കെ ഖത്തരി പൗരന്‍മാര്‍ക്കെതിരെ ഉപരോധ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റിലെ അംഗങ്ങള്‍ ഏര്‍ലി ഡേ മോഷനില്‍(ഇഡിഎം) ഒപ്പുവച്ചു. ഉപരോധം കുടുംബങ്ങളെ എങ്ങനെ വേര്‍തിരിക്കല്‍, വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കല്‍, പത്രസ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തല്‍, ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള അവകാശം തടസപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളിലാണ് എംപിമാര്‍ പ്രതിഷേധം ഉന്നയിച്ചത്. ഖത്തര്‍ ഉപരോധവും മനുഷ്യാവകാശങ്ങളിലെ പ്രത്യാഘാതങ്ങളും എന്നു പേരിട്ടിരിക്കുന്ന ഇഡിഎം ലേബര്‍ എംപി ഗ്രഹാം മോറിസാണ് ഹൗസ് ഓഫ് കോമണ്‍സിന്റെ മുന്നിലേക്കെത്തിയിരിക്കുന്നത്.
മറ്റു രണ്ടു ലേബര്‍ എംപിമാരായ ഡാന്‍ കാര്‍ഡനും ജിം കുന്നിങ്ഹാമും ഈ ഇഡിഎമ്മിനെ പിന്തുണച്ചു. മുന്‍ കണ്‍സര്‍വേറ്റീവ് മന്ത്രി പീറ്റര്‍ ബോട്ടംലിയും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി അംഗം ജിം ഷാനോണും ഇതിനെ പിന്തുണച്ചിട്ടുണ്ട്. 1980കളില്‍ മാര്‍ഗരറ്റ് താച്ചര്‍ ഭരണകൂടത്തില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് ബോട്ടംലി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയിയെ അധികാരത്തിലെത്തിക്കുന്നതില്‍ പിന്തുണയ്ക്കുന്നവരാണ് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി. ആറു സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി എംപിമാര്‍ റോണി കോവന്‍, മാര്‍ട്ടിന്‍ ഡേ, ക്രിസ് ലോ, ടോമി ഷെപ്പാര്‍ഡ്, ക്രിസ്റ്റഫര്‍ സ്റ്റീഫന്‍സ് എന്നിവരും ഇഡിഎമ്മില്‍ ഒപ്പുവച്ചു. ഹൗസ് ഓഫ് കോമണ്‍സില്‍ ചര്‍ച്ച ചെയ്യുന്നതിനായി ഔദ്യോഗികമായി സമര്‍പ്പിക്കുന്ന പ്രമേയമാണ് ഇഡിഎം. ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കണമെന്നും ഖത്തറിനെതിരായ നിലവിലെ നിയന്ത്രണങ്ങള്‍ ലളിതമാക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. ഗ്രഹാം മോറിസ് അടുത്തിടെ ഖത്തര്‍ സന്ദര്‍ശിക്കുകയും ഉപരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

SHARE