യുവേഫ ടീം ഓഫ് ദി ഇയര്‍: ക്രിസ്റ്റിയാനോയെ തിരുകിക്കയറ്റിയെന്ന് റിപ്പോര്‍ട്ട്

സൂറിച്ച്: കഴിഞ്ഞ വര്‍ഷത്തെ യുവേഫയുടെ മികച്ച ടീമില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്‌ ഇടം ലഭിച്ചത് വിവാദമാകുന്നു. ബുധനാഴ്ചയാണ് യുവേഫ ഗവേണിങ് ബോഡി പോയ വര്‍ഷത്തെ മികച്ച പതിനൊന്ന് താരങ്ങള്‍ അണിനിരന്ന ടീമിനെ പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി പതിനാലാം തവണയാണ് ടീമില്‍ ക്രിസ്റ്റ്യാനോക്ക് അവസരം ലഭിക്കുന്നത്. ഇതോടെ തുടര്‍ച്ചയായി പതിനാല് തവണ ടീമിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോ സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ലീവര്‍പൂളിന്റെ അഞ്ചു താരങ്ങള്‍ ടീമില്‍ ഇടം നേടി.

കഴിഞ്ഞ സീസണില്‍ വേണ്ടത്ര മികവ് പുറത്തെടുക്കാനാകാത്ത യുവന്റസിന്റെ മുന്നേറ്റ താരത്തെ ഉള്‍പ്പെടുത്തിയത് ശരിയായ രീതിയിലല്ലെന്നും. പോര്‍ച്ചുഗല്‍ നായകനെ ഉള്‍പ്പെടുത്താന്‍ വേണ്ടി മാത്രം ടീമിന്റെ ഫോര്‍മേഷന്‍ മാറ്റിയെന്നും ‘ഡെയ്‌ലി മെയ്ല്‍’ റിപ്പോര്‍ട്ടു ചെയ്തു. പതിവിന് വിപരീതമായി മുന്നേറ്റ നിരയില്‍ നാലു താരങ്ങല്‍ ടീമിലുള്ളത് ഇതിനു തെളിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 4-2-4 ഫോര്‍മേഷനിലാണ് ടീമിനെ പ്രഖ്യാപിച്ചത്.

ടീം സെലക്ഷന്‍ വേളയില്‍ ബാര്‍സ നായകന്‍ ലയണല്‍ മെസ്സി. ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ താരം സാഡിയോ മാനെ. ബയേണ്‍ മ്യൂണിച്ചിന്റെ പോളിഷ് താരം റോബര്‍ട്ട് ലെവന്റോസ്‌കി എന്നിവര്‍ക്ക് താഴെ നാലാമനായാണ് ആക്രമണ നിരയില്‍ ക്രിസ്റ്റിയാനോ എത്തിയത്. തുടര്‍ന്ന് ക്രിസ്റ്റിയാനോയെ ഉള്‍പ്പെടുത്താനായി ടീമിന്റെ ഘടനമാറ്റം വരുത്തുകയായിരുന്നു. അതേസമയം ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ മധ്യനിര ഫ്രഞ്ച് താരം എന്‍ഗോളെ കാന്റെയെയാണ് ഗ്ലാമര്‍ താരത്തിനായി തഴയപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ നേഷന്‍സ് കപ്പ് തുടങ്ങി ടൂര്‍ണമെന്റുകളിലെ പ്രകടനങ്ങള്‍ക്ക് താരങ്ങള്‍ ലഭിച്ച വോട്ടുകള്‍ അടിസ്ഥാനമാക്കിയാണ് ടീം ഒരുക്കിയത്. യാതൊരു ക്രമക്കേടുകളും നടന്നിട്ടില്ല. വിവാദങ്ങളില്‍ കഴമ്പില്ലെന്ന് യുവേഫ വക്താവ് പ്രതികരിച്ചു. യുവേഫ നേഷന്‍സ് കപ്പില്‍ പോര്‍ച്ചുഗലിനെ ചാമ്പ്യന്‍മാരാക്കിയ ക്രിസ്റ്റ്യാനോ, സെമിയില്‍ ഹാട്രിക്കും കരസ്ഥമാക്കിയിരുന്നു. ഇറ്റലിയിലെ ആദ്യ സീസണില്‍ യുവന്റസിനായി 21 ഗോളുകളാണ് നേടിയത്. സീരി എ മികച്ച താരമായും ക്രിസ്റ്റ്യാനോയാണ് തെരഞ്ഞടുക്കപ്പെട്ടത്.

യുവേഫ ടീം ഓഫ് ദി ഇയര്‍

Alisson (Liverpool FC & Brazil) Trent Alexander-Arnold (Liverpool FC & England) Virgil van Dijk (Liverpool FC & Netherlands) Matthijs de Ligt (AFC Ajax/Juventus & Netherlands) Andy Robertson (Liverpool FC & Scotland) Kevin De Bruyne (Manchester City FC & Belgium) Frenkie de Jong (AFC Ajax/FC Barcelona & Netherlands) Lionel Messi (FC Barcelona & Argentina)