തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യു.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ നാളെ യുവജനങ്ങള്‍ ഓണ്‍ലൈനിലൂടെ അവിശ്വാസ പ്രമേയം രേഖപ്പെടുത്തുന്നു. ഫെയ്സ്ബുക്ക്, ടിറ്റര്‍, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ സമൂഹ്യ മാധ്യമങ്ങളിലൂടെയും ഇ-മെയില്‍, ഫോണ്‍ തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിച്ചുമാണ് പ്രതിഷേധം. സ്വര്‍ണ്ണക്കടത്ത് കേസിലെ സര്‍ക്കാറിന്റെ കള്ളക്കളികള്‍ ജനമധ്യത്തില്‍ തുറന്നു കാട്ടാനും പി.എസ്.സി നിയമനങ്ങള്‍ നടത്താതെ വ്യാപകമായി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി യുവാക്കളെ വഞ്ചിക്കുന്ന നിലപാടിനെതിരെയും പാലത്തായി പീഡനക്കേസിലെ പൊലീസ് അട്ടിമറിക്കെതിരെയുമാണ് ജനകീയ അവിശ്വാസ പ്രമേയം.
പി.എസ്.സി നിയമനം കാത്തു നിന്ന് വഞ്ചിക്കപ്പെട്ടവര്‍ അവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ക്ക് അയച്ചു കൊടുത്തും പാലത്തായി പീഡനത്തില്‍ നിയമം അട്ടിമറിക്കപ്പെട്ടതിനെതിരെ അമ്മമാര്‍ പ്രമേയങ്ങള്‍ അയച്ചു കൊടുത്തും പ്രതിഷേധത്തിന്റെ ഭാഗമാകും. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫോണ്‍ വിളിച്ച് പ്രമേയം വായിച്ചു കേള്‍പ്പിക്കും. മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്കുള്ള കമന്റായും പ്രതിഷേധം രേഖപ്പെടുത്തും. കോവിഡിന്റെ പേരു പറഞ്ഞ് നിയമസഭാ സമ്മേളനം മാറ്റിവെച്ച് അവിശ്വാസ പ്രമേയത്തില്‍നിന്ന് ഒളിച്ചോടിയ സര്‍ക്കാര്‍ തീരുമാനത്തോടുള്ള പ്രതിഷേധമാണിതെന്ന് യു.ഡി.വൈ.എഫ് ചെയര്മാന് ഷാഫി പറമ്പിലും കണ്‍വീനര്‍ പി.കെ ഫിറോസും പറഞ്ഞു.