തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിയ ജനവിരുദ്ധ സര്‍ക്കാരിനെതിരെ യുഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ജനകീയ അവിശ്വാസ പ്രമേയം ഇന്ന്. ജനപ്രതിനിധികള്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട അവിശ്വാസ പ്രമേയത്തെ ഭയന്ന് ഒളിച്ചോടിയ പിണാറായി സര്‍ക്കാരിനെതിരെ യുഡിവൈഎഫിന്റെ നേതൃത്വത്തിലാണ് ജനകീയ അവിശ്വാസബപ്രമേയം കൊണ്ടു വരുന്നത്. ജൂലായ് 29 ബുധനാഴ്ച ഒരു ലക്ഷം ചെറുപ്പക്കാരെ അണിനിരത്തി കേരളത്തിന്റെ സമര ചരിത്രത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പ്രക്ഷോഭത്തിനാണ് യു.ഡി.വൈ.എഫ് ഇന്ന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ 27 ന് നിയമസഭ സമ്മേളനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും അതെ ദിവസം അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അവിശ്വാസ ചര്‍ച്ചകളില്‍ ഭയന്ന് കൊറോണയെ കൂട്ട്പിടിച്ച് നിയമസഭ സമ്മേളനം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വിമര്‍ശനങ്ങളേയും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളേയും പുച്ഛിച്ച്തള്ളുന്ന ജനാധിപത്യ വിരുദ്ധ സമീപനങ്ങളിലൂടെ സര്‍ക്കാര്‍ നീങ്ങുന്ന സാഹചര്യത്തിലാണ് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് സര്‍ക്കാരിനെതിരെ ജനകീയ അവിശ്വാസ പ്രമേയം നടത്തുന്നത്. കൊറോണയെ പോലും ആയുധമാക്കിയാണ് സര്‍ക്കാര്‍ ഈ ഒളിച്ചോട്ടത്തിനു വഴികണ്ടെത്തുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണക്കടത്ത് പോലുള്ള രാജ്യദ്രോഹ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ടതിന്റെ തെളിവുകള്‍ അനുദിനം പുറത്ത് വരുന്നു. മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ സംശയനിഴലില്‍ നില്‍ക്കുന്ന അതീവ ഗുരുതര സാഹചര്യം.പിഞ്ച് കുഞ്ഞുങ്ങള്‍ പീഡനത്തിനിരയാകുമ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ പാലത്തായി കേസിലൂടെ പുറത്ത് വന്നിരിക്കുന്നു. ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ പി.എസ്.സിയില്‍ വിശ്വാസമര്‍പ്പിച്ചു പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു ജോലിക്കായി കാത്തിരിക്കുമ്പോള്‍ പിന്‍വാതില്‍ നിയമനവും അനധികൃത നിയമനവും നടത്തി ഏറ്റവും വലിയ യുവജന വിരുദ്ധ സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്നും യു.ഡി.വൈ.എഫ് നേതാക്കള്‍ ആരോപിച്ചു. കൊറോണകാലത്ത് വന്‍ വീഴ്ചകള്‍ നടത്തിയ സര്‍ക്കാര്‍ വെറും പി.ആര്‍. ഏജന്‍സികളിലൂടെ നില നിന്നു പോവുകയാണെന്നും സര്‍ക്കാരിന്റെ ജനപിന്തുണ പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ട ഈ സാഹചര്യത്തിലാണ് വലിയൊരു ജനകീയ പ്രക്ഷോഭത്തിന് യുവജന സംഘടനകള്‍ തയ്യാറെടുത്തിരിക്കുന്നത്. യുഡിവൈഎഫിന്റെ സൈറ്റില്‍ പേരും ഫോട്ടോയും അപ്‌ലോഡ് ചെയ്തു സര്‍ക്കാറിനെതിരെ സ്വന്തം പ്രൊഫൈല്‍ ഫോട്ടോ നിര്‍മ്മിച്ചാണ് അവിശ്വാസപ്രമേയം പ്രമേയം രേഖപ്പെടുത്താന്‍ സാധിക്കുക.
സമരത്തിന്‍റെ ആദ്യ ഘട്ടമായി പ്രധാന യുഡിഎഫ് നേതാക്കൾ മുതൽ ബൂത്ത് തലം വരെയുള്ള പ്രവർത്തകർ വരെ അവരുടെ പ്രൊഫൈൽ ഫോട്ടോകൾ സർക്കാരിനെതിരെയുള്ള ജനകീയ അവിശ്വാസ പ്രമേയത്തിന്‍റെ പ്രചാരണ വേദിയാക്കി മാറ്റിക്കഴിഞ്ഞു. ഇന്ന് ഒരു ലക്ഷത്തോളം പ്രവർത്തകർ അവിശ്വാസ പ്രമേയം സാമൂഹിക മാധ്യമങ്ങൾ വഴി അവതരിപ്പിച്ചു വ്യത്യസ്തമായ ഈ ഓൺലൈൻ പ്രക്ഷോഭത്തിൽ പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു.