പെരിയ ഇരട്ടക്കൊലപാതകം: പീതാംബരന്‍ കുറ്റക്കാരനെന്ന് ഉദുമ എം.എല്‍.എ

കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ പീതാംബരന്‍ കുറ്റക്കാരനെന്ന് സി.പി.എം. ഉദുമ എം.എല്‍.എ കുഞ്ഞിരാമന്‍. കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണെന്ന് എം.എല്‍.എ പറഞ്ഞു.

സംഭവത്തില്‍ പാര്‍ട്ടി വിശദമായ അന്വേഷണം നടത്തും. കൂടുതല്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ പൊലീസ് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീതാംബരനടക്കം നാലുപേര്‍ കൊലക്കുശേഷം ആദ്യമെത്തിയത് പാര്‍ട്ടി ഓഫീസിലാണ്. ചട്ടംചാലിനടുത്തെ ഓഫീസിലാണ് മണിക്കൂറുകളോളം ഇവര്‍ ചെലവഴിച്ചത്. ഇതു സംബന്ധിച്ച് കസ്റ്റഡിയിലുള്ളവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വാഹനങ്ങള്‍ കൂടി പൊലീസ് പിടിച്ചെടുത്തു.

സംഭവത്തിനുശേഷം പാര്‍ട്ടി ഓഫീസിലൊളിച്ച ഇവര്‍ പുലര്‍ച്ചെ വരെ ഇവിടെയുണ്ടായിരുന്നു. ബാക്കിയുള്ള മൂന്നുപേര്‍ ഞായറാഴ്ച്ച രാത്രി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ തങ്ങുകയായിരുന്നു. നേരം പുലര്‍ന്നതോടെ എല്ലാവരേയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ദേശീയപാത ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് ഇവരെ ഒളിസങ്കേതത്തില്‍ എത്തിച്ചത്. ഇതിന് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളില്‍ നിന്ന് സഹായം ലഭിച്ചിരുന്നുവെന്നും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.