പൗരത്വ ഭേദഗതി നിയമം കീറിയെറിഞ്ഞ് ഉദയനിധി സ്റ്റാലിന്‍; തമിഴ്‌നാട്ടിലും പ്രതിഷേധം കത്തുന്നു

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തമിഴ്‌നാട്ടിലും കനക്കുന്നു. സേലത്ത് നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി വിവരം. അതിനിടെ നിയമം കീറിയെറിഞ്ഞുകൊണ്ട് പ്രതിഷേധിച്ച ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സെയ്താപേട്ടില്‍ ഡി.എം.കെ യുവനേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം നടന്നത്. ന്യൂനപക്ഷങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴര്‍ക്കുമെതിരാണ് നിയമമെന്ന് ആരോപിച്ചാണ് ഡി.എം.കെയുടെ പ്രതിഷേധം.

നേരത്തെ ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെതിരെ ഡി.എം.കെ കടുത്ത പ്രതിഷേധം നടത്തിയിരുന്നു. വിവാദ നിയമത്തിനെതിരെ ഡിസംബര്‍ 17നു സംസ്ഥാനത്തുടനീളം പ്രതിപക്ഷം പ്രതിഷേധം നടത്തുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പാര്‍ലമെന്റില്‍ ബില്ലിനെ പിന്തുണച്ച തമിഴ്‌നാട് ഭരിക്കുന്ന എ.ഐ.എ.ഡി.എം.കെയുടെ നിലപാടിനെയും സ്റ്റാലില്‍ രൂക്ഷമായി വിമര്‍ശിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന പ്രക്ഷോഭം തുടര്‍ച്ചയായ മൂന്നാം ദിവസത്തിലേക്ക് കടന്നു. ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്കൂര്‍ നിരാഹാര സമരം പ്രഖ്യാപിച്ചു. മേഘാലയ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്റ് മുതലായ സംസ്ഥാനങ്ങളിലെല്ലാം പ്രക്ഷോഭം ആളിപ്പടരുകയാണ്. അതേസമയം ബിജെപി ഭരിക്കുന്ന ത്രിപുരയില്‍ സമരക്കാരില്‍ ഒരു വിഭാഗം അമിത് ഷായുമായി നടത്തിയ കൂടികാഴ്്ചക്ക് പിന്നാലെ സമരത്തില്‍ നിന്നും പിന്‍വാങ്ങി. കേന്ദ്രസര്‍ക്കാരിന്റെ കണക്കു കൂട്ടലുകള്‍ അസ്ഥാനത്താക്കിയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ആളിപ്പടരുന്നത്.

കേരളം മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നിയമം തങ്ങളുടെ ഭരണത്തില്‍ നിയമം നടപ്പിലാവില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ആദ്യം രംഗത്തുവന്നത്. പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും രംഗത്തെത്തി. ഇന്നലെയാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയത്.