‘ഭീമ കൊറേഗാവ് കേസ്’; ഉദ്ധവും ശരദ് പവാറും ഏറ്റുമുട്ടുന്നു; മഹാരാഷ്ട്രയില്‍ സഖ്യത്തില്‍ വിള്ളലോ?

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ എന്‍സിപി-ശിവസേന സഖ്യത്തില്‍ വിള്ളലുകള്‍ വീഴുന്നുവെന്ന് റിപ്പോര്‍ട്ട്. എല്‍ഗാര്‍ പരിഷദ് കേസില്‍ (ഭീമ കൊറേഗാവ് കേസ്) മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടേയും എന്‍സിപി നേതാവ് ശരത് പവാറിന്റേയും നിലപാടുകളാണ് ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഭീമ കൊറേഗാവ് കേസ് അന്വേഷണം എന്‍സിപിയെ മറികടന്ന് ദേശീയ അന്വേഷണ എജന്‍സിയായ എന്‍ഐഎക്ക് കൈമാറാന്‍ ഉദ്ധവ് താക്കറെ അനുമതി നല്‍കിയതാണ് ശരദ് പവാറിനെ ചൊടിപ്പിച്ചത്. ഇതിനെതിരെ പ്രതികരണവുമായി ശരത്പവാര്‍ രംഗത്തെത്തി.

സര്‍ക്കാര്‍ തീരുമാനം അനീതിയാണെന്ന് ശരത്പവാര്‍ പറഞ്ഞു. കേസ് ഏറ്റെടുക്കാന്‍ എന്‍ഐഎ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ സമാനമായ തീരുമാനം സ്വീകരിച്ചതാണ് എതിര്‍പ്പിന് കാരണമായത്. ആഭ്യന്തരമന്ത്രിയെ മറികടന്ന് ഉദ്ധവ് താക്കറെ തീരുമാനമെടുത്തുവെന്നാണ് വിവരം. മഹാരാഷ്ട്ര സര്‍ക്കാരിലെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് എന്‍ സി പി നേതാവ് അനില്‍ ദേശ്മുഖാണ്. എന്നാല്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രത്യേക അധികാരം ഉപയോഗിച്ച് ആഭ്യന്തര വകുപ്പിനെ മറികടന്ന് തീരുമാനമെടുത്തുവെന്നാണ് എന്‍സിപി പറയുന്നത്. ശരദ് പവാറിന്റെ എതിര്‍പ്പിന് കാരണമായത് ഈ സംഭവമാണ്. സംസ്ഥാന പോലീസ് തന്നെ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാര്‍ ഉദ്ധവ് താക്കറെയ്ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ കേസ് എന്‍ഐഎക്ക് വിടാന്‍ മുഖ്യമന്ത്രിയാണ് നീക്കം നടത്തിയതെന്നാണ് എന്‍സിപി ആരോപിക്കുന്നത്.

ഭീമ കൊറേഗാവ് കേസ് എന്‍സിപിയില്‍ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപി മന്ത്രിമാര്‍ പ്രത്യേക യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു. മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് കേസ് നടപടികള്‍ നടക്കുക. ഈ സാഹചര്യത്തില്‍ മുന്നണിയില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് കളമൊരുങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കേസ് എന്‍ഐഎ അന്വേഷിക്കുന്നതില്‍ മുന്‍പ് ശിവസേന കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായ നീക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി കേസ് അന്വേഷണം എന്‍ഐഎക്ക് കൈമാറുകയായിരുന്നു.

ബിജെപി നീക്കങ്ങളെ പരാജയപ്പെടുത്തിയാണ് മഹാരാഷ്ട്രയില്‍ മഹാസഖ്യം ഭരണം സ്വന്തമാക്കിയത്. നാടകീയ നീക്കങ്ങള്‍ സുപ്രീംകോടതിയിലേക്ക് കയറിയതിന് പിന്നാലെയാണ് എന്‍സിപി ശിവസേന കോണ്‍ഗ്രസ് സഖ്യം ഭരണത്തിലെത്തിയത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ ശക്തമായ നീക്കങ്ങളാണ് മഹാസഖ്യത്തെ സര്‍ക്കാര്‍ രൂപീകരണത്തിലെക്ക് എത്തിച്ചത്.

2018-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭീമ കൊറേഗാവ് അനുസ്മരണ ദിനമായ ജനുവരി ഒന്നിന് ഭീമ കൊറേഗാവില്‍ വലിയ സംഘര്‍ഷമുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നതായും പ്രധാനമന്ത്രിയെ വധിക്കാന്‍ ഗുഢാലോചന നടന്നുവെന്നുമാണ് കേസ്.

SHARE