മഹാരാഷ്ട്രയില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കില്ലെന്ന് ഉദ്ദവ് താക്കറെ; കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ കര്‍ണാടകയില്‍ ഒരുങ്ങുന്ന കേന്ദ്രങ്ങളുടെ വിവരം പുറത്ത്

അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍ കേന്ദ്രങ്ങള്‍ മഹാരാഷ്ട്രയില്‍ സ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഫഡ്‌നാവിസ് സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികളെല്ലാം റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കുമായി കര്‍ണാടകത്തില്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളുടെ കണക്ക് പുറത്ത്. ബെംഗളൂരുവില്‍ നിന്ന് മുപ്പത് കിലോ മീറ്റര്‍ അകലെ തയ്യാറായ ആദ്യ കേന്ദ്രം അടുത്ത മാസം തുറക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

അനധികൃത കുടിയേറ്റക്കാരെ തടവില്‍ പാര്‍പ്പിക്കാനുളള കേന്ദ്രങ്ങള്‍ ജനുവരിക്ക് മുമ്പ് ഒരുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. യെദിയൂരപ്പ സര്‍ക്കാര്‍ വന്ന ശേഷം കര്‍ണാടകത്തില്‍ ഇതിന്റെ നടപടികള്‍ വേഗത്തിലായി. കമ്പിവേലിയുളള ചുറ്റുമതിലാണ് തടങ്കല്‍ കേന്ദ്രത്തിന്റേത്. അടുക്കളയും കുളിമുറിയുമുളള 15 മുറികള്‍ ഇവിടെയുണ്ട്. രണ്ട് നിരീക്ഷണ ടവറുകളും സ്ഥാപിച്ചിട്ടുണ്ട്.
മതിയായ രേഖകളില്ലാത്ത ആഫ്രിക്കന്‍ വംശജരെയും ബംഗ്ലാദേശ് പൗരന്‍മാരെയും ഉദ്ദേശിച്ചുളളതാണ് മാതൃകാ തടങ്കല്‍ കേന്ദ്രം എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. നിലവില്‍ മുപ്പത്തിയഞ്ച് കേന്ദ്രങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.