എന്‍.പി.ആര്‍; ഉദ്ദവ് താക്കറെ സോണിയാഗാന്ധിയെ കാണും

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.പി.ആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. വെള്ളിയാഴ്ച ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഉദ്ധവ് കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയില്‍ എന്‍.പി.ആര്‍ നടപ്പാക്കുന്നതിനെതിരെ കോണ്‍ഗ്രസും എന്‍.സി.പിയും കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് ഉദ്ധവ് ഡല്‍ഹിയെത്തുന്നത്.

സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവ മഹാവികാഡി സഖ്യത്തില്‍ വിള്ളല്‍ വീഴുന്നതിന് കാരണമായേക്കാമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മന്ത്രി പ്രതികരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ബി.ജെ.പി ഭരണത്തിലില്ലാത്ത മറ്റ് സംസ്ഥാനങ്ങളുടെ മാതൃകയില്‍ മഹാരാഷ്ട്രയിലും എന്‍.പി.ആര്‍ വേണ്ടെന്നാണ് കോണ്‍ഗ്രസ് എന്‍.സി.പി നിലപാട്.

എന്നാല്‍, ദേശീയ താല്‍പര്യം മുന്‍ നിര്‍ത്തി മെയ് ഒന്ന് മുതല്‍ എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നാണ് ഉദ്ധവ് താക്കറെ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് ഉദ്ധവ് സോണിയയെ കാണുന്നത്. മഹാരാഷ്ട്രക്ക് ലഭിക്കാനുള്ള ജി.എസ്.ടി കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് താക്കറെ മോദിയെ കാണുന്നതെന്നാണ് റിപ്പോര്‍ട്ട്. സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ തുടങ്ങിയ വിഷയങ്ങളും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

SHARE