ധൂര്‍ത്തും അഴിമതിയും; തോമസ് ഐസക്കിനെ വെല്ലുവിളിച്ച് ധവളപത്രവുമായി യു.ഡി.എഫ്

തിരുവനന്തപുരം: ധൂര്‍ത്തും അഴിമതിയും കാരണം സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി പരിതാപകരമായ അവസ്ഥയിലായെന്ന് തുറന്നുകാട്ടുന്ന ധവളപത്രവുമായി യു.ഡി.എഫ്. നികുതി പിരിവിലെ അനാസ്ഥയടക്കം അക്കമിട്ട് നിരത്തുന്ന ധവളപത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തിറക്കി. കേരളത്തിലെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രതിപക്ഷം സംസ്ഥാനത്തെ ധനപ്രതിസന്ധിയെക്കുറിച്ച് ധവള പത്രം പുറത്തിറക്കുന്നത്. സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന ധവളപത്രം ഓരോ മലയാളിയുടെയും കടം 72, 000 രൂപയായി ഉയര്‍ന്നതായി പറയുന്നു.

ധവളപത്രത്തിലെ പ്രധാന കാര്യങ്ങള്‍ അക്കമിട്ട് നിരത്തി സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധനമന്ത്രിയുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്നും യു.ഡി.എഫിന് വേണ്ടി ധവളപത്രം തയ്യാറാക്കിയ സമിതി അധ്യക്ഷന്‍ വി.ഡി സതീശന്‍ പറഞ്ഞു. ധനവകുപ്പിന് മേല്‍ അദൃശ്യ കരങ്ങളുടെ ഇടപെടലുകളുണ്ടെന്നും അത് നിയന്ത്രിക്കാന്‍ ധനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

30 ശതമാനം നികുതി പരിവ് വര്‍ധന പ്രഖ്യാപിച്ചിടത്ത് യാഥാര്‍ഥ്യമായത് 10 ശതമാനത്തില്‍ താഴെ. ജി.എസ്.ടി കുടിശ്ശിക 14000 കോടി. വാറ്റ്, കെ.ജി.എസ്.ടി ഇനങ്ങളിലെ കുടിശ്ശിക 5000 കോടി രൂപ. പൊതുകടം ഒന്നര ലക്ഷം കോടിയില്‍ നിന്ന് മൂന്നര ലക്ഷം കോടിയായി. വികസന പ്രതിസന്ധിയും തദ്ദേശ സ്ഥാപനങ്ങള്‍ സ്തംഭിക്കുകയും ചെയ്യുന്ന അവസ്ഥ. എന്നാല്‍ ധൂര്‍ത്തിനും അഴിമതിക്കും കുറവുമില്ല ധവളപത്രം പുറത്തിറക്കി രമേശ് ചെന്നിത്തലയും വി.ഡി സതീശനും വ്യക്തമാക്കി.

50,000 കോടി ചെലവഴിക്കുമെന്ന പ്രഖ്യാപിച്ച കിഫ്ബി ഇതുവരെ ചെലവഴിച്ചത് 553 കോടി. സി.എ.ജി ഓഡിറ്റ് തടഞ്ഞതും ട്രാന്‍സ്ഗ്രിഡ് അഴിമതിയും കിഫ്ബിയെ വിവാദത്തിലാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ തോമസ് ഐസകിന്റെ നിഴല്‍ മാത്രമാണ് ഇപ്പോഴുള്ളതെന്നും സതീശന്‍ കളിയാക്കി. രമേശ് ചെന്നിത്തല കെ.സി ജോസഫ് എം.എല്‍.എക്ക് നല്‍കിയാണ് ധവളപത്രം പുറത്തിറക്കിയത്.