പ്രളയാനന്തര പുനരധിവാസ വീഴ്ച സെപ്തംബര്‍ മൂന്നിന് യു.ഡി.എഫ് രാപ്പകല്‍ സമരം

തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനത്തിലെ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പരാജയം ചൂണ്ടാക്കാട്ടിയും പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്ത സര്‍ക്കാര്‍ നടപടിക്കെതിരെയും യു.ഡി.എഫ് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ മൂന്നിന് ജില്ലാടിസ്ഥാനത്തില്‍ രാപ്പകല്‍ സമരം സംഘടിപ്പിക്കും. അടുത്തടുത്ത വര്‍ഷങ്ങളിലുണ്ടായ പ്രളയത്തെയും പ്രകൃതി ക്ഷോഭത്തെയും തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടതായി യു.ഡി.എഫ് ഉന്നതാധികാര സമതിയോഗം വിലയിരുത്തി.
ദുരിതബാധിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തികഞ്ഞ വിവേചനമാണ് കാണിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ചതിന്റെ പകുതി പണം പോലും ദുരിതബാധിതര്‍ക്ക് വേണ്ടി ചിലവഴിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലന്ന് യോഗ തിരുമാനങ്ങള്‍ വിശദീകരിച്ച യു.ഡി.എഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല പറഞ്ഞു.
ദുരിതാശ്വാസത്തിന് വിതരണം ചെയ്യാനുള്ള പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. രണ്ട് തവണയും പ്രളയം നേരിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമായിരുന്നു. പുതിയ കേരളം നിര്‍മ്മിക്കുമെന്നാണ് മുഖ്യമന്ത്രി ആദ്യ പ്രളയം കഴിഞ്ഞപ്പോള്‍ പറഞ്ഞിരുന്നത്. പക്ഷേ പ്രളയം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ചര്‍ച്ചകളും സെമിനാറുകളുമല്ലാതെ പുതിയ കേരളത്തിന്റെ നിര്‍മ്മാണമൊന്നും നടന്നിട്ടില്ല. പ്രളയത്തില്‍ ദുരിതമനുഭവിക്കേണ്ടി വന്ന ചെറുകിട വ്യവസായികള്‍ക്കും കര്‍ഷകര്‍ക്കും ഇതുവരെ ഒരാനുകൂല്യവും നല്‍കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അടിക്കടിയുള്ള പ്രളയ ദുരന്തങ്ങള്‍ മുന്‍ നിര്‍ത്തി പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവമായ സമീപനം സ്വീകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം ഇത്തരം ദുരന്തങ്ങളെ ക്ഷണിച്ച് വരുത്തുന്നുണ്ട്. അത് കൊണ്ട് യു.ഡി.എഫിലെ ഒരോ കക്ഷിയും ഈ വിഷയം അവരുടെ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് അതിന്റെ തിരുമാനങ്ങള്‍ റിപ്പോര്‍ട്ടായി യു.ഡി.എഫിന് സമര്‍പ്പിക്കണമെന്നും യോഗം തിരുമാനിച്ചു.

SHARE