യു.ഡി.എഫ് ‘പടയൊരുക്കം’ ഒന്നു മുതല്‍; ഒരു കോടി ഒപ്പുകള്‍ ശേഖരിക്കും

ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ സംസ്ഥാന ജാഥയുടെ ഭാഗമായി മൂന്നു മേഖലാ മഹാറാലികള്‍ സംഘടിപ്പിക്കും. കേരളപ്പിറവി ദിനമായ നവമ്പര്‍ ഒന്നിന് കാസര്‍കോട്ട് തുടക്കമാവുന്ന പടയൊരുക്കം ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. പടയൊരുക്കത്തിന് കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മഹാറാലികളില്‍ സ്വീകരണമൊരുക്കുക.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബൂത്തു കമ്മിറ്റികളുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി ഒരു കോടി ഒപ്പുകള്‍ ശേഖരിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലെയും സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ നായകന് അവ കൈമാറും. പടയൊരുക്കത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, കര്‍ണ്ണാടക മുഖ്യന്ത്രി സിദ്ദരാമയ്യ, പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മുസ്്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍, മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ പി.ചിദംബരം, കപില്‍ സിബല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പടയോട്ടം കാസര്‍കോട്ട് നവമ്പര്‍ ഒന്നിന് എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ അധ്യക്ഷത വഹിക്കും. മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.പി വീരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. നവമ്പര്‍ എട്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ഉത്തര മേഖലാ മഹാ സമ്മേളനം മുസ്്‌ലിംലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റി ചെയര്‍മാനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ജെ.ഡി.യു അധ്യക്ഷന്‍ ശരത് യാദവ് തുടങ്ങിയവര്‍ സംസാരിക്കും.
കൊച്ചിയില്‍ നടക്കുന്ന റാലി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എം.പി, തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തെ സമാപന റാലിയില്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള യു.ഡി.എഫ് ജില്ലാ പ്രസിഡന്റ്-ജനറല്‍ സെക്രട്ടറിമാരുടെയും ഘടക കക്ഷി ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരുടെയും യോഗം 25ന് തിരുവനന്തപുരത്ത് ചേരും.
എട്ടിന് കോഴിക്കോട് നടക്കുന്ന ഉത്തര മേഖലാ റാലിയില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരാണ് പങ്കെടുക്കുക. പരിപാടിയുടെ വിജയത്തിനായി കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന ഉത്തര മേഖലാ നേതൃയോഗം കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, മുസ്്‌ലിംലീഗ്
ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, കെ.പി മോഹനന്‍, ജോണി നെല്ലൂര്‍, ഷിബുബേബിജോണ്‍, സി.പി ജോണ്‍, എം.കെ രാഘവന്‍ എം.പി, എന്നിവര്‍ക്ക് പുറമെ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍-കണ്‍വീനര്‍മാര്‍, ഘടക കക്ഷികളുടെ ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരും സംബന്ധിച്ചു.

SHARE