തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമായി ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തിന്റെ തുടക്കം പ്രക്ഷുബ്ധമായി. വേങ്ങര നിയമസഭാമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിംലീഗ് അംഗം കെ.എന്‍.എ ഖാദറിന്റെ സത്യപ്രതിജ്ഞയായിരുന്നു അജണ്ടയിലെ ആദ്യഇനം. ഖാദര്‍ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സ്പീക്കര്‍ മുഖ്യമന്ത്രിയെ റിപ്പോര്‍ട്ട് സമര്‍പ്പണത്തിനായി ക്ഷണിച്ചു.
ഗതാഗതമന്ത്രി തോമസ്ചാണ്ടിക്കെതിരെ ഉയര്‍ന്ന കായല്‍ കയ്യേറ്റ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചട്ടം 50 അനുസരിച്ച് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ആദ്യം പ്രതിഷേധിച്ചു. ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവെച്ചു. ചട്ടം 50 അനുസരിച്ച് നല്‍കിയ നോട്ടീസ് പരാമര്‍ശിക്കുക പോലും ചെയ്യാതെ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നടപടിയാണിതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ചട്ടം 300 അനുസരിച്ച് ഇതുമായി ബന്ധപ്പെട്ട് പ്രത്യേക പ്രസ്താവന നടത്തി. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും സഭയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് സഭയില്‍ വെക്കും മുമ്പ് വിശദാംശങ്ങള്‍ പുറത്ത് വിട്ടത് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് രമേശ് ചെന്നിത്തലയും കെ.സി ജോസഫും ക്രമപ്രശ്‌നം ഉന്നയിച്ചു.
ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് ഇതിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി പുറത്ത് വിട്ടത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇത് സഭയോടുള്ള അവഹേളനമാണ്. ഉമ്മന്‍ചാണ്ടിയെ പോലെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു നേതാവിനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് യു.ഡി.എഫിനെ ക്ഷയിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യല്‍ കമ്മീഷന്‍ യു.ഡി.എഫിന്റെ കുഞ്ഞാണെന്നും കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സോളാര്‍ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വിട്ടുവെന്ന ക്രമപ്രശ്‌നം നിലനില്‍ക്കില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കി. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കുറഞ്ഞ ദിവസത്തിനകം ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് സഹിതം സഭയില്‍ വെച്ചത് മാതൃകാപരമായ നടപടിയാണെന്നും സ്പീക്കര്‍ പറഞ്ഞു. റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചതിന് പിന്നാലെ അതിന്റെ കോപ്പിയും ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.