മംഗളൂരു സന്ദര്‍ശിച്ച യു.ഡി.എഫ് സംഘം വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മംഗളൂരുവില്‍ യു.ഡി.എഫ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി. ക്രൂരമായ പൊലീസ് നടപടികളാണ് മംഗളൂരുവിന്‍ അരങ്ങേറിയതെന്ന് സംഘം അഭിപ്രായപ്പെട്ടു. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലീലിന്റേയും നൗഷീന്റേയും വീട്ടിലെത്തിയ സംഘം ബന്ധുക്കളുമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമായിരുന്നു പൊലീസ് നടപടിക്കെതിരെ പ്രതികരിച്ചത്. പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ് പത്ത് പേര്‍ ചികിത്സയിലുണ്ടെന്നും ഇതില്‍ നാലു പേര്‍ക്ക് ഗുരുതര പരിക്കാണുള്ളതെന്നും മംഗളൂരുവില്‍ സന്ദര്‍ശനം നടത്തിയ സംഘം പറഞ്ഞു. പൊലീസ് മേധാവികളുമായി ചര്‍ച്ച നടത്തിയ സംഘം മംഗളൂരുവിലെ മലയാളികളടക്കമുള്ളവര്‍ക്ക് സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് എംപിമാരായ കെ സുധാകരന്‍,രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മുസ്ലിം ലീഗ് എംഎല്‍എമാരായ എന്‍.ഷംസുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന്, പാറക്കല്‍ അബ്ദുല്ല, എംസി ഖമറുദ്ദീന്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. പൊലീസ് നടപടിയില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരെ സംഘം ആശുപത്രിയിലെത്തി കണ്ടു. കര്‍ണാടക എഡിജിപിയുമായും മംഗളൂരു സിറ്റി പൊലീസ് കമ്മീഷ്ണറുമായും ചര്‍ച്ച നടത്തിയ സംഘം, മലയാളികളടക്കമുള്ളവര്‍ക്കെതിരെ ചിലര്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുണ്ടെന്നും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു.

SHARE