യു.ഡി.എഫ് മനുഷ്യഭൂപടം 30 ന് ; ലോങ്ങ് മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും

കൊച്ചി: യു.ഡി.എഫ് ജനുവരി 30 ന് ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന മനുഷ്യ ഭൂപടത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിലും ആയിരകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മനുഷ്യ ഭൂപടവും വയനാട്ടില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ഭരണഘടനാ സംരക്ഷണ ലോങ്ങ് മാര്‍ച്ചും നടക്കും. ത്രിവര്‍ണ നിറത്തിലുള്ള തൊപ്പികള്‍ അണിഞ്ഞാകും പ്രവര്‍ത്തകര്‍ മനുഷ്യ ഭൂപടത്തിന്റെ ഭാഗമാക്കുക.അശോകചക്രത്തിനായി നീല തൊപ്പികള്‍ ധരിച്ചവര്‍ അണിനിരക്കും. മനുഷ്യ ഭൂപടത്തിന് പുറത്ത് പത്ത് മീറ്റര്‍ ദൂരപരിധിയില്‍ ചതുരാകൃതിയില്‍ ദേശീയ പതാകകള്‍ ഏന്തിയ പ്രവര്‍ത്തകര്‍ സംരക്ഷണ കവചവും ഒരുക്കും. വൈകിട്ട് നാല് മണിക്ക് പ്രവര്‍ത്തകര്‍ അതാത് ഗ്രൗണ്ടുകളില്‍ എത്തിച്ചേരും. നാലരയ്ക്ക് പൊതുയോഗം ആരംഭിക്കും. വൈകിട്ട് 5.05 ന് ഭൂപടം സൃഷ്ടിക്കും. മഹാത്മാഗാന്ധി വെടിയേറ്റ് വീണ 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. തുടര്‍ന്ന് പൊതുയോഗം തുടരും.

തിരുവനന്തപുരത്ത് എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് വി.എം. സുധീരന്‍, പത്തനംതിട്ടയില്‍ ഷിബു ബേബിജോണ്‍, കോട്ടയത്തു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആലപ്പുഴയില്‍ എം.എം. ഹസന്‍, ഇടുക്കിയില്‍ പി.ജെ. ജോസഫ്, എറണാകുളത്ത് നെഹ്‌റു സ്‌റ്റേഡിയം പരിസരത്ത് പി.പി. തങ്കച്ചന്‍, തൃശൂരില്‍ ഡോ. എം.കെ. മുനീര്‍, മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പാലക്കാട് കെ. ശങ്കരനാരായണന്‍, കണ്ണൂരില്‍ രമേശ് ചെന്നിത്തല, കാസര്‍ഗോഡ് യു.ടി. ഖാദര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കും.

വയനാട്ടില്‍ രാവിലെ 11 മണിക്ക് രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ലോങ്ങ് മാര്‍ച്ച് ആരംഭിക്കും. കല്‍പ്പറ്റയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. പ്രമുഖ യു.ഡി.എഫ് നേതാക്കളും ലോങ്മാര്‍ച്ചില്‍ അണിനിരക്കുമെന്ന് ബെന്നി ബെഹനാന്‍ അറിയിച്ചു.

SHARE