മുഹമ്മദ് കക്കാട്
മുക്കം
അവിടെ കൊടിയുടെയും മുന്നണിയുടെയും വകതിരിവുണ്ടായില്ല, കണ്ണീരില്‍ കുതിര്‍ന്ന നിവേദനങ്ങള്‍ക്കും പരിദേവനങ്ങള്‍ക്കും ഒരേ സ്വരം. മുന്നറിയിപ്പ് പോലുമില്ലാതെ വീടും പറമ്പും ജീവിതമാര്‍ഗവും ജെ.സി.ബി കോരിയെടുത്തു പോകുന്നവരുടേയും പൊലീസിന്റെ നരനായാട്ടില്‍ തല്ലിച്ചതക്കപ്പെട്ടവരുടെയും ജയിലില്‍ കഴിയുന്ന ചെറുപ്പക്കാരുടെ ബന്ധുക്കളുടെയും ദീനരോദനങ്ങള്‍ക്കു മുമ്പില്‍ യു.ഡി.എഫ് നേതാക്കളും പകച്ചു പോയി. ഒന്നും പറയാനാവാതെ അവരും കണ്ണീര്‍ തുടച്ചു. സമാശ്വസിപ്പിച്ചു. പടയൊരുക്കം ജാഥയുടെ കോഴിക്കോട് ജില്ലയിലെ സ്വീകരണത്തിന്റെ മുന്നോടിയായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റുനേതാക്കളും എരഞ്ഞിമാവിലെത്തിയത്. ഗെയില്‍ ഇരകളെയും പൊലീസ് മര്‍ദ്ദനത്തിനിരയായവരെയും ആശ്വസിപ്പിച്ച നേതാക്കള്‍ തുടര്‍നടപടികള്‍ ഉറപ്പുനല്‍കിയാണ് മടങ്ങിയത്.
യു.ഡി.എഫ് നേതാക്കളുടെ സന്ദര്‍ശന വിവരമറിഞ്ഞ് നൂറുകണക്കിനാളുകളായിരുന്നു പരാതികളും വിലാപങ്ങളുമായി എത്തിയത്. ഉച്ചക്കാവില്‍ അബ്ദുസലാമിന്റെ മകന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ നബീലിന് പറയാനുണ്ടായിരുന്നത് പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറി കിടപ്പുമുറിയില്‍ നിന്നാണ് പൊലീസുകാര്‍ ഈ ചെറുപ്പക്കാരനെ പിടിച്ചു കൊണ്ടുപോയി തല്ലിച്ചതച്ചത്. സമരത്തിലും സംഘര്‍ഷത്തിലും പങ്കാളിയായിരുന്നില്ല. താടിവളര്‍ത്തിയ തീവ്രവാദി എന്നാരോപിച്ചായിരുന്നു തലയ്ക്കും മുതുകിനും ചുമലിലുമെല്ലാം പൊലീസുകാര്‍ അടിക്കുകയും ഇടിക്കുകയും ചെയ്തതെന്ന് നബീല്‍ സങ്കടപ്പെട്ടു. പൊലീസ് നിരന്തരമായി വാതിലില്‍ അടിച്ചപ്പോള്‍ കുളിമുറിയില്‍ നിന്നും ഓടി അയല്‍പക്കത്തെ വീട്ടിലൊളിക്കേണ്ടി വന്നതിനെപ്പറ്റി ലക്ഷ്മിയും വീടിന്റെ വാതിലും ജനലും പൊലീസ് തച്ചു പൊളിച്ചതിനെപ്പറ്റി യു.എ.മുനീറും പരാതിപ്പെട്ടു. വീട്ടില്‍ കയറി തന്നെയും മകനെയും സഹോദരി പുത്രനെയും പൊലീസ് തല്ലിച്ചതച്ചതായിരുന്നു അഡ്വ. ഇസ്മായില്‍ വഫക്ക് പറയാനുള്ളത്. ‘എന്തിനിത് ചെയ്തു? ഇവിടെ ജീവിക്കാന്‍ അവകാശമില്ലേ? :കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറികൂടിയായ വഫ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു കയ്യൂണുമ്മലിന് പറയാനുള്ളതും പൊലീസ് മര്‍ദ്ദിച്ചതിനെക്കുറിച്ചായിരുന്നു. മുന്നറിയിപ്പ് കൂടാതെയും നഷ്ടപരിഹാര തുക കണക്കാക്കുക പോലും ചെയ്യാതെയും വീടും പറമ്പും ഫലവൃക്ഷങ്ങളും ഗെയിലിന്റെ ജെ.സി.ബി ഉഴുതുമറിച്ചിടുന്നതിനെപ്പറ്റി പന്നിക്കോട് കുയിലടത്ത് ഇല്ലം ഋഷികേശന്‍ നമ്പൂതിരി, ശാന്തകുമാരി, രതീഷ് പന്നിക്കോട്, വിഷ്ണു നടുവിലേടത്ത്, ശിഹാബ് തുടങ്ങി ഒട്ടേറെയാളുകള്‍ പരാതിപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും മാറിയ ശൈലിയിലും ജനവിരുദ്ധ നടപടികളിലും ശക്തമായ പ്രതിഷേധവും സങ്കടവും പ്രകടിപ്പിച്ചവരില്‍ സി.പി.എം, ഇടതുമുന്നണി പ്രവര്‍ത്തകരുമുണ്ടായിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി.കുഞ്ഞാലി, ഡി.സി.സി പ്രസിഡണ്ട് ടി. സിദ്ധീഖ് തുടങ്ങിയ നേതാക്കളും ചെന്നിത്തലയോടൊപ്പമുണ്ടായിരുന്നു.