ശബരിമല: ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും: പി. കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായി കാണുന്ന ശബരിമലയുടെ പേരില്‍ അക്രമണം അഴിച്ചുവിടാന്‍ സര്‍ക്കാര്‍ അവസരമുണ്ടാക്കികൊടുക്കുകയാണന്നും അടിയന്തരമായി ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് യു.ഡി.എഫ് എം.പിമാര്‍ ആവശ്യപ്പെടുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഡല്‍ഹിയില്‍ യു.ഡി.എഫ് എംപിമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി പോലുള്ള സംഘടനകള്‍ക്ക് വര്‍ഗീയ ചേരിതിരവ് സൃഷ്ടിക്കാനുള്ള അവസരമുണ്ടാക്കികൊടുക്കുന്നത് കാണുമ്പോള്‍ അങ്ങേയറ്റത്തെ അസ്വാസ്ഥ്യം എല്ലാവര്‍ക്കുമുണ്ട്. ഇതിനൊരു അവസാനമുണ്ടാവണം. കേന്ദ്രഗവണ്‍മെന്‍റ് നിയമം പാസാക്കണം എന്നാണ് യു.ഡി.എഫ് എംപിമാരുടെ ആവശ്യം. ശബരിമലയെ ഉപയോഗിച്ച് ബി.ജെ.പിയും സി.പി.എമ്മും രാഷ്ട്രീയക്കളി കളിക്കുകയാണ്. കോടതി വിധിയായതിനാല്‍ നടപ്പിലാക്കാതിരിക്കാനാവില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അത് ആത്മാര്‍ത്ഥമായിരുന്നങ്കില്‍ അവര്‍ നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കിയേനേ. യു.ഡി.എഫ് എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ട് ശബരിമല ആചാരം സംരക്ഷിക്കാനായി നിയമ നിര്‍മ്മാണം നടത്താന്‍ ആവശ്യപ്പെടും. ബി.ജെ.പിക്ക് ശബരിമല ആചാര സംരക്ഷണ കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടങ്കില്‍ അവര്‍ നിയമം കൊണ്ടുവരട്ടെയുന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുത്തലാഖ് പോലുള്ള ആവശ്യമില്ലാത്തതിനെല്ലാം ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാര്‍ ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരാത്തതെന്ത്. ശാന്തമായി പ്രാര്‍ത്ഥന നടത്താനുള്ള അവകാശം അയ്യപ്പഭക്തര്‍ക്ക് നിഷേധിക്കപെടുകയാണ്. മാത്രമല്ല ശബരിമല വിഷയമുയര്‍ത്തി വര്‍ഗീയ ചേരിതിരുവിനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ ഒരു പാശ്ചാത്തലത്തിലാണ് ശബരിമല ആചാരം സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് യു.ഡി.എഫ് എംപിമാര്‍ ആവശ്യപ്പെടുന്നത് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമലയില്‍ പ്രവേശിച്ച് ആചാര ലംഘനം നടത്തിയ സ്ത്രീകള്‍ക്ക് അതിനായി പോലീസ് പരിശീലനം നല്‍കിയോ എന്ന് സംശയമുണ്ടന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ആന്‍റോആന്‍റണി, എന്‍.കെ പ്രേമചന്ദ്രന്‍ ജോസ് കെ മാണി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

SHARE