കോവിഡ് വ്യാപനം കണക്കിലെടുത്ത് ജൂലൈ 31 വരെയുള്ള സമരങ്ങള്‍ യുഡിഎഫ് മാറ്റിവെച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജൂലൈ 31 വരെ സമരങ്ങള്‍ മാറ്റിവെച്ചതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. ഹൈക്കോടതി വിധി മാനിച്ചും കോവിഡ് വ്യാപനം കണക്കിലെടുത്തുമാണ് തീരുമാനം. വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ സമരങ്ങളും മാറ്റി വെയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു.

അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മറയാക്കി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബെന്നി ബഹനാന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ രാജി അല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും യുഡിഎഫ് തയ്യാറല്ലെന്നും അവിശ്വാസ പ്രമേയത്തിലൂടെ സര്‍ക്കാരിന്റെ കള്ളക്കടത്ത് ബന്ധം തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്യാബിനറ്റ് യോഗത്തില്‍ മുഖ്യമന്ത്രി മറച്ചു വെച്ചത് ആരെ സഹായിക്കാനാണ്. ശിവശങ്കറിനെതിരേ നടപടിയെടുക്കാന്‍ മതിയായ കാരണമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വിവരക്കേടാണ്. സ്പ്രിങ്ക്‌ലര്‍ ഇടപാടില്‍ ശിവശങ്കറിനെ വെള്ളപൂശിയ മുഖ്യമന്ത്രി അതേ മാര്‍ഗത്തിലൂടെ ഐടി സെക്രട്ടറിയെ വീണ്ടും രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ്. 68ലെ സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ച് ശിവശങ്കറിനെതിരെ നടപടി എടുക്കാനാകുമെന്നും യുഡിഎഫ് കണ്‍വീനര്‍ ചൂണ്ടിക്കാട്ടി.

SHARE