ജയരാജന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നത് അധാര്‍മ്മികമാണെന്ന് ചെന്നിത്തല പറഞ്ഞു. നാളെ രാവിലെ 10 മണിക്കാണ് ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

സ്വജനപക്ഷപാതം നടത്തിയതിനാണ് ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായത്. ഇതിന് അടിസ്ഥാനമായ നിയമനം ജയരാജന്‍ നടത്തിയത് ആരും ഇതുവരെ നിഷേധിച്ചിട്ടില്ല. ഒരുപാട് കേസുകള്‍ എഴുതിത്തള്ളിയ കൂട്ടത്തില്‍ ഈ കേസും വിജിലന്‍സ് എഴുതിത്തള്ളുകയാണുണ്ടായത്. അതിന്റെ പേരില്‍ ജയരാജനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാര്‍മ്മികമാണ്. ജയരാജന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും യു.ഡി.എഫ് ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

മന്ത്രിസഭ പുനസംഘടന നടത്താനുള്ള സിപി.എം തീരുമാനത്തിന് ഇടതുമുന്നണി അംഗീകാരം നല്‍കിയിട്ടുണ്ട്. സി.പി.ഐക്ക് ക്യാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവി നല്‍കാനും തീരുമാനിച്ചു.

സി.പി.ഐയുടെ ചീഫ് വിപ്പ് ആരെന്ന് 20ന് ചേരുന്ന പാര്‍ട്ടി നിര്‍വ്വാഹക സമിതി തീരുമാനിക്കും. മുല്ലക്കര രത്‌നാകരന്‍, കെ രാജന്‍, ഇ.എസ് ബിജിമോള്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ബന്ധുനിയമന വിവാദത്തെ തുടര്‍ന്നായിരുന്നു ഇ.പി ജയരാജന്‍ രാജിവെച്ചൊഴിഞ്ഞത്.

SHARE