ഗവര്‍ണറെ തിരിച്ചുവിളിക്കല്‍ പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യണം; എതിര്‍പ്പ് ശക്തമാക്കി പ്രതിപക്ഷം

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് യുഡിഎഫ്. മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നും റിപബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ പുകഴ്ത്തിയത് സംശയാസ്പദമെന്നും ചെന്നിത്തല പറഞ്ഞു. ഗവര്‍ണറെ തിരിച്ചു വിളിക്കാനുള്ള പ്രമേയത്തിന് അനുമതി തേടിയത് യു.ഡി.എഫ് ആലോചിച്ചെടുത്ത തീരുമാനമാണെന്ന് മുസ്‌ലിം ലീഗും പ്രതികരിച്ചു.

മോദി സര്‍ക്കാറിന്റെ ഏജന്റായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ശക്തമായി രംഗത്തുണ്ട്.
അതേസമയം മുഖ്യമന്ത്രിയും സ്പീക്കറും ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമത്തിലുള്‍പ്പെടെ ഗവര്‍ണറോടുള്ള സമീപനത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് ഇരട്ട നിലപാടാണെന്ന ആക്ഷേപം ശക്തമാണ്. എന്നാല്‍, പ്രതിപക്ഷ നിരയില്‍ നിന്ന് ആരും തന്നെ റിപ്പബ്ലിക് ദിനത്തിലെ ഗവര്‍ണറുടെ ചായ സത്ക്കാരത്തില്‍ പങ്കെടുത്തില്ല.

റിപബ്ലിക് ദിനത്തിലെ ഗവര്‍ണറുടെ ചായ സത്ക്കാരം പ്രതിപക്ഷം ഒറ്റക്കെട്ടായി ബഹിഷ്‌കരിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതില്‍ പങ്കെടുത്തത് ജനങ്ങളെ വഞ്ചിക്കലാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. പ്രതിഷേധമായെങ്കിലും മുഖ്യമന്ത്രി ചായസല്‍ക്കാരം ബഹിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവേണ്ടതായിരുന്നെന്നും മുരളി പറഞ്ഞു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നോട്ടീസില്‍ സര്‍ക്കാര്‍ അയകൊയമ്പന്‍ നയമാണ് സ്വീകരിക്കുന്നതെന്നും മുരളി കുറ്റപ്പെടുത്തി.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മടക്കി വിളിക്കണം എന്ന പ്രതിപക്ഷ പ്രമേയ നോട്ടീസ് വെളളിയാഴ്ച കാര്യോപദേശക സമിതി ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍ പ്രമേയത്തെ എല്‍.ഡി.എഫ് തള്ളി. ബി.ജെ.പിയുടെ മുന്നില്‍ നല്ല പിള്ള ചമയാനുള്ള ശ്രമമാണ് എല്‍.ഡി.എഫിനെന്ന് കെ.സി ജോസഫ് എം.എല്‍.എ ആരോപിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മടക്കി വിളിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷനേതാവ് സ്പീക്കര്‍ക്ക് കഴിഞ്ഞ ദിവസമാണ് നോട്ടീസ് നല്‍കിയത്.