ഗവര്‍ണര്‍ ഇടഞ്ഞു തന്നെ; മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി പദം തുലാസില്‍

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം ഒഴിയേണ്ടി വരുമെന്ന് സൂചന. ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി മുഖ്യമന്ത്രിയെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന സര്‍ക്കാറിന്റെ ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കാത്തതാണ് ഉദ്ധവിന്റെ ഭാവി തുലാസിലാക്കിയത്. മുന്‍ ബി.ജെ.പി നേതാവു കൂടിയായ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി സര്‍ക്കാറിന്റെ ആവശ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ്.

എന്‍.സി.പിയുടെ അജിത് പവാര്‍, ജയന്ത് പാട്ടീല്‍, ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെ, അനില്‍ പരഭ്, കോണ്‍ഗ്രസിന്റെ ബാലാസാഹെബ് തോറത്, അസ്‌ലം ഷേക്ക് തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം വിഷയത്തില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവര്‍ണര്‍ വിഷയം കേട്ടെന്നും എന്നാല്‍ ഉറപ്പുകള്‍ ഒന്നും നല്‍കിയില്ലെന്നും സമിതിയിലെ ഒരംഗം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഗവര്‍ണര്‍ ഇടഞ്ഞു നില്‍ക്കുന്നത് തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സര്‍ക്കാര്‍ പദ്ധതി പ്രകാരം ഏപ്രില്‍ 24ന് ലജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉദ്ധവ് മത്സരിക്കേണ്ടിയിരുന്നു. ഒമ്പത് സീറ്റുകളാണ് സഭയില്‍ ഒഴിവുള്ളത്. ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ ഉദ്ധവിന്റെ സഭാ പ്രവേശനത്തിന് തടസ്സങ്ങളില്ല. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് നീട്ടുകയായിരുന്നു. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒഴിഞ്ഞു കിടക്കുന്ന നോമിനേറ്റഡ് അംഗങ്ങളുടെ ഒഴിവിലേക്കോ ഗവര്‍ണറുടെ നോമിനി ആയോ മുഖ്യമന്ത്രിയെ സഭാംഗമാക്കണം എന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

ഏപ്രില്‍ ഒമ്പതിന് ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ രാജ്ഭവന് കത്തു നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാണ് ഇപ്പോള്‍ തീരുമാനമെടുക്കാനാവില്ല എന്നാണ് ഗവര്‍ണര്‍ അറിയിച്ചിട്ടുള്ളത്.

2109 നവംബര്‍ 27നാണ് ഉദ്ധവ് താക്കറെ സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റത്. നിയമസഭയുടെ രണ്ട് സഭകളിലും അംഗമല്ലാത്തതിനാല്‍ ആറു മാസത്തിനകം അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ട്. മെയ് 27നാണ് ആറുമാസക്കാലാവധി അവസാനിക്കുക. മെയ് 20നകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിഷനും കനിഞ്ഞില്ലെങ്കില്‍ സുപ്രിം കോടതിയെ സമീപിക്കാനും സര്‍ക്കാറില്‍ ധാരണയുണ്ട്.

രാജ്യമുടനീളം ഉറ്റുനോക്കിയ വിവാദങ്ങള്‍ക്കൊടുവിലാണ് മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നത്. ദീര്‍ഘകാലത്തെ ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് സേന കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും കൂട്ടുകൂടുകയായിരുന്നു. എന്‍.സി.പിയിലെ അജിത് പവാര്‍ വിഭാഗവുമായി ചേര്‍ന്ന് ബി.ജെ.പി ഇടക്കാല മന്ത്രിസഭയുണ്ടാക്കിയിരുന്നു എങ്കിലും അത് വിജയിച്ചിരുന്നു. ഗവര്‍ണര്‍ കോഷ്യാരിയെ വച്ചാണ് ആ സമയത്ത് ബി.ജെ.പി കരുക്കല്‍ നീക്കിയിരുന്നത്.