മുഖ്യമന്ത്രി പദത്തിലേറാന്‍ കേവലം ഇനി മണിക്കൂറുകള്‍; നാടകാന്തം മഹാരാഷ്ട്രയില്‍ ഇന്ന് ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യും

മുംബൈ: ഒരു മാസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ഇന്ന് കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി സഖ്യം ഭരണത്തിലേറും. ഇന്ന് വൈകീട്ട് 6.40ന് ശിവാജി പാര്‍ക്കില്‍ വെച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഒരാഴ്ചക്കിടയില്‍ രണ്ടാമത്തെ മുഖ്യമന്ത്രി മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇരുട്ടിന്റെ മറവില്‍ ബി.ജെ.പി നടത്തിയ രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള മറുപടി കൂടിയായിരിക്കും ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങ്.

നിരവധി പ്രമഖരെയാണ് ചടങ്ങില്‍ പ്രതീക്ഷിക്കുന്നത് .പ്രധാനമന്ത്രി നരേന്ദ്രമോദി,അമിത് ഷാ തുടങ്ങിയ നേതാക്കളെ ഉദ്ദവ് താക്കറെ ഫോണില്‍ വിളിച്ച് ക്ഷണിച്ചു. കോണ്‍ഗ്രസ് നേതാക്കളെ ഇന്നലെ തന്നെ ആദിത്യ താക്കറെ ഡല്‍ഹിയിലെത്തി കണ്ടിരുന്നു. മൂന്ന് പാര്‍ട്ടിയുടേയും രണ്ട് വീതം മന്ത്രിമാരാണ് ഉദ്ദവിനൊപ്പം സത്യപ്രതിഞ്ജ ചെയ്യുക. മന്ത്രിസഭാ വികസനം ഡിസംബര്‍ മൂന്നിന് നടത്തുമ്പോള്‍ സര്‍ക്കാരിന്റെ ഘടന കൂടുതല്‍ വ്യക്തമാവും.

മുഖ്യമന്ത്രിയടക്കം 11 കാബിനറ്റ് മന്ത്രിസ്ഥാനവും 4 സഹമന്ത്രിസ്ഥാനവും ശിവസേനക്ക് നല്‍കും. ഉപമുഖ്യമന്ത്രിയടക്കം 12 ക്യാബിനറ്റ് റാങ്കാണ് എന്‍.സി.പിക്ക് കിട്ടുക. ഒപ്പം 4 സഹമന്ത്രിസ്ഥാനവും. കോണ്‍ഗ്രസിന് 10 ക്യാബിനറ്റ് റാങ്കുകളും സ്പീക്കര്‍ പദവിയും, ഇതാണ് ഇന്നലെ നടത്തിയ യോഗത്തില്‍ ഉയര്‍ന്ന് വന്ന ഫോര്‍മുല. പൃഥ്വിരാജ് ചവാനെയാണ് ആ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.

അതേസമയം ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്ന് വെറും 80 മണിക്കൂര്‍ ആയുസ്സുള്ള സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി രാജി വച്ച് തിരികെ വന്ന അജിത് പവാര്‍ മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിലും ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന. മുംബൈയില്‍ വിവിധ പദവികള്‍ ആര്‍ക്കെല്ലാം നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ തനിക്ക് ഉപമുഖ്യമന്ത്രിപദം തന്നെ വേണമെന്ന് അജിത് പവാര്‍ ഉറച്ച നിലപാടെടുത്തു. തിരികെ പാര്‍ട്ടിയിലേക്ക് വരുമ്പോള്‍, മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ തനിക്ക് തന്ന വാഗ്ദാനം ഉപമുഖ്യമന്ത്രിപദമാണെന്ന് അജിത് പവാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.