മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ നൂറാം ദിനം അയോധ്യ സന്ദര്‍ശനത്തിന് നീക്കിവച്ച് ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. ഹിന്ദുത്വ നിലപാട് വ്യക്തമാക്കിയ ശിവസേനയ അധ്യക്ഷന്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് അറിയിച്ചു. മകനും മന്ത്രിയുമായ ആദിത്യക്കൊപ്പമാണ് അയോധ്യയിലെത്തിയത്. മഹാരാഷ്ട്രയില്‍ ബി.ജെ.പി യുമായി തെറ്റിപ്പിരിഞ്ഞെങ്കിലും ഹിന്ദുത്വ അജണ്ടയില്‍ കാര്യമായ മാറ്റമൊന്നും ഇല്ലെന്ന് തെളിയിക്കുക കൂടിയായിരുന്നു ഉദ്ദവ് താക്കറെ.
എന്‍.സി.പിയും കോണ്‍ഗ്രസുമായും അധികാരം പങ്കിടുന്ന സഖ്യസര്ക്കാരാണെങ്കിലും ഹിന്ദുത്വ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും ഉദ്ദവ് പറഞ്ഞു. അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് താക്കറെ അയോധ്യ സന്ദര്‍ശിക്കാനെത്തുന്നത്. ക്ഷേത്ര സന്ദര്‍ശനത്തില്‍ ആരതി ഉഴിയാന്‍ തീരുമാനിച്ചെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. രാമക്ഷേത്ര നിര്‍മാണം വേഗത്തിലാക്കാനും താക്കറെ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസുമായും എന്‍.സി.പി.യുമായും ചേര്‍ന്ന് സഖ്യമുണ്ടാക്കി അധികാരത്തില്‍വന്ന പശ്ചാത്തലത്തില്‍ ശിവസേന മതനിരപേക്ഷനിലപാടിലേക്ക് മാറി എന്ന വിലയിരുത്തലുകള്‍ക്കിടയിലാണ് ഹിന്ദുത്വ നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ രംഗത്തെത്തിയത്. ബി.ജെ.പിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനങ്ങളുമായാണ് താക്കറെയുടെ പ്രസ്താവന. ഹിന്ദുത്വ നിലപാടിന്റെ കാര്യത്തില്‍ ശിവസേന വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാക്കിയ താക്കറെ, ബി.ജെ.പിയുമായിട്ടാണ് വഴി പിരിഞ്ഞത് അല്ലാതെ ഹിന്ദുത്വവുമായിട്ടല്ലെന്നും പറഞ്ഞു. ഹിന്ദുത്വം എന്നാല്‍ ബി.ജെ.പി എന്നല്ലെന്നും അത് തികച്ചും വ്യത്യസ്തമായ ഒന്നാണെന്നും ഒരിക്കലും അതില്‍ നിന്ന് പിരിഞ്ഞുപോന്നിട്ടില്ലെന്നും താക്കറെ വ്യക്തമാക്കി.