വന്‍ ജയങ്ങളോടെ റയലും ബയേണും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ | Video

നേപ്പിള്‍സ്: നാപോളിയെ അവരുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് വീഴ്ത്തി റയല്‍ മാഡ്രിഡും എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ആര്‍സനലിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് വീഴ്ത്തി ബയേണ്‍ മ്യൂണിക്കും യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഒരു ഗോള്‍ വഴങ്ങിയതിനു ശേഷമായിരുന്നു എവേ ഗ്രൗണ്ടുകളില്‍ സ്പാനിഷ്, ജര്‍മന്‍ കരുത്തരുടെ തിരിച്ചുവരവ്. ഇരുടീമുകളും ആദ്യപാദത്തിലെ അതേ സ്‌കോര്‍ നിലയില്‍ രണ്ടാം പാദവും ജയിച്ചത് കൗതുകമായി.

ക്വാര്‍ട്ടര്‍ പ്രവേശത്തിന് എതിരില്ലാത്ത രണ്ട് ഗോളിന് ജയം ആവശ്യമായിരുന്ന നാപോളി തുടക്കം മുതല്‍ തന്നെ പൊരുതി 24-ാം മിനുട്ടില്‍ ലീഡെടുത്തിരുന്നു. മാരക് ഹാംസിക്കിന്റെ പാസില്‍ നിന്ന് ഡ്രെയ്‌സ് മാര്‍ട്ടിന്‍സ് ആണ് ആതിഥേയര്‍ക്ക് പ്രതീക്ഷക്കൊത്ത തുടക്കം നല്‍കിയത്. ആദ്യപകുതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ല.

രണ്ടാം പകുതിയില്‍ രണ്ട് കോര്‍ണര്‍ കിക്കുകള്‍ നാപോളിയുടെ കയ്യില്‍ നിന്ന് മത്സരം റാഞ്ചി. 51-ാം മിനുട്ടില്‍ ഇടതു കോര്‍ണറില്‍ നിന്ന് ടോണി ക്രൂസ് എടുത്ത കിക്കില്‍ ചാടിയുയര്‍ന്ന് തലവെച്ച സെര്‍ജിയോ റാമോസ് റയലിനെ ഒപ്പമെത്തിച്ചു. 57-ാം മിനുട്ടില്‍ വലതു കോര്‍ണറില്‍ നിന്ന് ക്രൂസിന്റെ കിക്കില്‍ മറ്റൊരു ഹെഡ്ഡറിലൂടെ റാമോസ് സന്ദര്‍ശകരെ മുന്നിലെത്തിച്ചു. രണ്ട് എവേ ഗോളുകള്‍ സ്വന്തമാക്കാനായതോടെ ആധിപത്യം പൂര്‍ത്തിയാക്കിയ റയല്‍ ഇഞ്ചുറി ടൈമില്‍ മൊറാട്ടയിലൂടെ പട്ടിക പൂര്‍ത്തിയാക്കി. റൊണാള്‍ഡോയുടെ കിക്ക് നാപോളി കീപ്പര്‍ പെപെ റെയ്‌ന തടഞ്ഞിട്ടപ്പോള്‍ ഓടിക്കുതിച്ചെത്തിയ മൊറാട്ട ലക്ഷ്യം കാണുകയായിരുന്നു.

ആദ്യപാദത്തില്‍ 5-1 ന് തോറ്റ ആര്‍സനല്‍ 20-ാം മിനുട്ടില്‍ തിയോ വാല്‍ക്കോട്ടിലൂടെ ലീഡെടുത്ത് തിരിച്ചുവരവിന്റെ വിദൂര സാധ്യതകള്‍ കാണിച്ചു. എന്നാല്‍ ആദ്യപകുതിയില്‍ പിന്നീട് ഗോള്‍ പിറന്നില്ല. 54-ാം മിനുട്ടില്‍ പെനാല്‍ട്ടി ബോക്‌സിലെ ഫൗളിന് കോഷ്യന്‍ലി ചുവപ്പു കാര്‍ഡ് കണ്ടതോടെ ലണ്ടന്‍ ടീമിന്റെ കഷ്ടകാലം തുടങ്ങി. കിക്കെടുത്ത ലെവന്‍ഡവ്‌സ്‌കി ലക്ഷ്യം കണ്ടു. 68-ാം മിനുട്ടില്‍ ആര്‍യന്‍ റോബന്‍ സന്ദര്‍ശകര്‍ക്ക് ലീഡ് നല്‍കിയപ്പോള്‍ 78-ാം മിനുട്ടില്‍ റഫിഞ്ഞയുടെ പാസ് സ്വീകരിച്ച് തകര്‍പ്പന്‍ ഷോട്ടിലൂടെ ഡഗ്ലസ് കോസ്റ്റ മൂന്നാം ഗോള്‍ നേടി. 80, 85 മിനുട്ടുകളില്‍ അര്‍തുറോ വിദാല്‍ ഗോളടിച്ച് ആര്‍സനലിന് ഇരുപാദങ്ങളിലായി 10-2 ന്റെ വന്‍ തോല്‍വി സമ്മാനിച്ചു.