സാമൂഹ്യ അടുക്കളകള്‍ സാമൂഹ്യ ദുരന്തമാകരുത് ;യു സി രാമന്‍

കോഴിക്കോട്: മുഖ്യമന്ത്രി പ്രഖ്യാപിച്ച കമ്യൂണിറ്റി കിച്ചനുകള്‍ പലയിടങ്ങളിലും സാമൂഹ്യ ദുരന്തമാവുന്നുണ്ടെന്ന് ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമന്‍ എക്‌സ് എം എല്‍ എ പറഞ്ഞു. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ കമ്യൂണിറ്റി കിച്ചനില്‍ ഭക്ഷണം കഴിച്ചതിന് എണ്‍പത്തിയഞ്ചുകാരനായ മുതിര്‍ന്ന പൗരനോട് സൗജന്യ റേഷന്‍ തരുന്നുണ്ടല്ലോ, അത് നക്കിയാല്‍ പോരേയെന്ന് ചോദിച്ച് ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ ആക്രോശിച്ചു. അതും മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരനായ സന്നദ്ധ പ്രവര്‍ത്തകന്‍ എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നെന്നും യു സി രാമന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മലപ്പുറത്ത് ശകാരം സി പി എം പ്രവര്‍ത്തകന്റെ വകയാണെങ്കില്‍, പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ വിളിച്ച് ഭക്ഷണ സാധനം ചോദിച്ച പാവങ്ങളായ തിരുവനന്തപുരം നാലാംചിറ ചെഞ്ചേരി കോളനി നിവാസികളെ അപഹസിക്കാനും ഭീഷണിപ്പെടുത്താനും പോലീസ് തന്നെയാണ് എത്തിയതെന്നത് സൂചിപ്പിക്കുന്നത് ഇതൊന്നും ഒറ്റപ്പെട്ടതല്ല എന്നതാണ്. പൊതു സമൂഹം ഇതിനെതിരെ ജാഗരൂഗരാവണമെന്നും യു സി രാമന്‍ ആവശ്യപ്പെട്ടു.

ഇത്തരം വിഷയങ്ങളില്‍ യുക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ക്കും പരാതിയയക്കുമെന്നും യു സി രാമന്‍ പ്രസ്താവനയിലൂടെ അറിയിക്കുന്നു.

SHARE